Saturday, June 16, 2018

ഉയിര്‍പ്പു വിചാരങ്ങള്‍: ജീവന്റെ തോട്ടത്തിലേക്ക് (റേഡിയോ പ്രഭാഷണം)


ജീവന്റെ തോട്ടത്തിലേക്ക്
ഇരുള്‍ വീണു തുടങ്ങിയ ഒരു സന്ധ്യയില്‍ ശവക്കല്ലറകളുടെ ഇടയില്‍ നിന്ന് ക്രിസ്തു കണ്ടെത്തിയ ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണാണ് ഞാന്‍. ജനിച്ചുവളര്‍ന്ന നാടിന്റെ പേര് സ്വന്തം പേരിന്റെ വാലറ്റം ആയി സുവിശേഷകന്‍ ചേര്‍ത്തത്കൊണ്ട് ഗുരുവിന്‍റെ വിളിക്കും മുമ്പേ പിഴച്ചു ജീവിച്ചവള്‍ എന്ന് നിങ്ങളൊക്കെ തെറ്റിദ്ധരിക്കുന്നവള്‍. നിങ്ങളോടെനിക്ക് പരിഭവമൊന്നും ഇല്ലാ കേട്ടോ. കാരണം മാഗ്ദല എന്നും പാപത്തിന്റെ നാടായിരുന്നു, അവന്റെ പാദസ്പര്‍ശമേല്ക്കും വരെ. സന്മാര്‍ഗത്തിന്റെയും സദാചാരത്തിന്റെയും മേലങ്കികളും  പുറംകുപ്പായങ്ങളും അഴിഞ്ഞു വീഴാന്‍ ഇരുളിടങ്ങള്‍ ഒരുക്കി വച്ചിരുന്ന ഒരു നാട്. നിങ്ങളില്‍ പലരും കരുതും പോലെ പാപത്തിന്റെ വഴിയരികില്‍ നിന്നല്ല അവനെന്നെ കണ്ടെത്തിയത്. മറിച്ച്, ബന്ധനങ്ങളുടെ ശവപ്പറമ്പില്‍ നിന്നാണ്. സുവിശേഷത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ, ശവക്കല്ലറകള്‍ക്കിടയില്‍ ബന്ധിക്കപ്പെട്ട ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യന്റെ കഥ? ആ കഥ കുറച്ചോന്നുമല്ലല്ലോ നിങ്ങളെ ഭയപ്പെടുത്തുന്നത്. അവനെക്കാള്‍ ഭയാനകമായിരുന്നു എന്റെ അവസ്ഥ. ഏഴു ദുഷ്ടാത്മാക്കള്‍ക്കാണ് എന്റെ മനസ്സും ശരീരവും കൂര തീര്‍ത്തിരുന്നത്. താളം തെറ്റിയ മനസ്സുമായി അലറിവിളിച്ചു നടന്നിരുന്ന എന്നെ ആദ്യമൊക്കെ എന്റെ വീട്ടുകാര്‍ അകത്തളത്തിലെ ഒരു നിലവറയിലിട്ട് പൂട്ടിയിരുന്നു. എന്റെ അട്ടഹാസങ്ങളും ഭാവമാറ്റങ്ങളും കുടുംബത്തിനു മൊത്തത്തില്‍  നാണക്കേട് ചാര്‍ത്തിക്കൊടുത്തു തുടങ്ങിയപ്പോളാണ് മരിച്ചവരുടെ ഇടയിലേക്ക് ഞാന്‍ പറിച്ചുമാറ്റപ്പെട്ടത്. ഗ്രാമത്തിന് പുറത്ത് മരുഭൂമിയുടെ വിജനതയില്‍ ജീര്‍ണിച്ച മൃതദേഹങ്ങളുടെ ദുര്‍ഗന്ധം മരുക്കാറ്റിനൊപ്പം കൂട്ടു വന്നിരുന്ന ഒരു ഗുഹാമുഖത്തില്‍ കൈകളിലും കാലുകളിലും ചങ്ങലക്കിലുക്കവുമായി നാളുകളും മാസങ്ങളും ആണ്ടുകളും ഞാന്‍ തള്ളി നീക്കി. അകലെ മറുദിശയിലുള്ള ഗലീലിക്കടലില്‍ നിന്നും വല്ലപ്പോഴും വീണു കിട്ടുന്ന ശീതക്കാറ്റു മാത്രമായിരുന്നു എന്റെ ഏക ആശ്വാസം. വഴി തെറ്റിയ മനസ്സ് വല്ലപോഴുമൊക്കെ തിരികെ വന്നിരുന്ന നിമിഷങ്ങളില്‍ ഞാന്‍ ഓര്‍ത്തിരുന്നു ജീവിതത്തിന്റെ നഷ്ടമായ പഴയ പൂക്കാലങ്ങളെ. ഇനിയൊരിക്കലും ആ വസന്തകാലത്തേക്ക് ഒരു മടക്കയാത്ര ഉണ്ടാവില്ലെന്ന് ദൈര്‍ഘ്യം തീരെ കുറഞ്ഞ ഇടവേളകളില്‍ ബോധമനസ്സ് എന്നോട് പറയുമായിരുന്നു. പ്രതീക്ഷകളുടെ തിരി നാളങ്ങളൊക്കെ കരിന്തിരി കത്തികെട്ടെന്ന തിരിച്ചറിവ് കൂടുതല്‍ അഗാധമായ നിരാശയിലേക്കാണ് എന്നെ തള്ളിയിട്ടത്. കുറേക്കൂടി അക്രമാസക്തവും ഭ്രാന്തവുമായ ചെയ്തികളിലെക്കും അട്ടഹസങ്ങളിലെക്കും അലമുറകളിലേക്കും ഞാന്‍ കൂപ്പു കുത്തി.
പതിവിലുമേറെ ഭ്രാന്തമായ ആ ദിവസത്തില്‍ എന്റെ അട്ടഹാസങ്ങള്‍ക്ക്‌ ദിഗന്തങ്ങളെ ഭേദിക്കുന്നത്ര ആരവം ഉണ്ടായിരുന്നു. അതു കേട്ടിട്ട് മാത്രം ആവണം കുറച്ചകലെയുള്ള നാട്ടുവഴിയിലൂടെ കടന്നു പോവുകയായിരുന്ന ആ വഴിപോക്കനും കൂട്ടാളികളും ശവങ്ങള്‍ മാത്രം വിരുന്നു വരാറുള്ള ആ വഴി തിരഞ്ഞെടുത്തത്. മരണത്തിന്റെ താഴ്വരയിലേക്ക് ഒരു ശവത്തിന്റെപോലും അകമ്പടിയില്ലാതെ ആദ്യമായി കടന്നു വന്നത് അവനും കൂട്ടരും മാത്രം. ബോധമനസ്സും അബോധമനസ്സും മാറി മാറി എന്നില്‍  തത്തിക്കളിച്ച ആ നിമിഷങ്ങളില്‍ ഞാന് ഭയം മൂലം  ഗുഹാഭിത്തിയുടെ ഉള്ളറകളിലേക്ക് ഉള്‍വലിയാന്‍ ശ്രമിച്ചപ്പോള്‍, അബോധമനസ്സ്, അല്ല ഉള്ളില്‍ കുടികൊണ്ടിരുന്ന ഏഴ് ദുരാത്മാക്കളാകട്ടെ വര്‍ദ്ധിതവീര്യത്തോടെ അവനെ ആക്രമിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. അവനാകട്ടെ ശാന്തതയോടെ അലിവു നിറഞ്ഞ പുഞ്ചിരിയോടെ നിലകൊണ്ടു. കരങ്ങള്‍ നീട്ടി പുറത്തു പോകു എന്ന അരുളിച്ചെയ്തവന്‍റെ വാക്കുകളെ അവഗണിക്കാന്‍ ഉള്ളിലുള്ള ഏഴു ദുഷ്ടാത്മാക്കളും എഴുതവണയിലധികം എന്നെ ഉന്തിയിട്ടു. ഓരോ തവണയും അവന്റെ മുഖത്തെ ശാന്തതയും പുഞ്ചിരിയും കൂടി വന്നു, അവന്റെ വാക്കുകളുടെ ബലവും. മയക്കം വിട്ടുണര്ന്നപ്പോളും സൌമ്യത നിറഞ്ഞ മുഖവുമായി അവന്‍ എന്റെ അരികിലുണ്ടായിരുന്നു. കൂട്ടതിലോരുവന്റെ സഞ്ചിയില്‍ നിന്ന് ഒരു കഷണം അപ്പവും തോല്‍ക്കുടത്തില്‍ നിന്ന് വെള്ളവും തന്നിട്ട്  അവന്‍ എന്നോട് വാക്കുകള്‍ കൊണ്ടല്ലാതെ പറഞ്ഞു: എന്നെ അനുഗമിക്കുക! കണ്‍വെട്ടത്തു നിന്ന് ആട്ടി ഓടിക്കാന്‍ ശ്രമിച്ചിരുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ചിരുന്ന എനിക്ക് അവന്റെ പുഞ്ചിരി നിറഞ്ഞ ക്ഷണം തെല്ലൊന്നുമല്ല അദ്ഭുതമേകിയത്. മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിന്‍റെയും ഭീതി ജനിപ്പിക്കുന്ന അസ്ഥിപഞ്ജരങ്ങളുടെയും മാത്രം കേദാരമായിരുന്ന മരണത്തിന്റെ ആ താഴ്വരയില്‍ നിന്ന് അവന്റെ കരം പിടിച്ചു ഞാന്‍ യാത്ര തുടങ്ങി. പ്രതീക്ഷകളുടെ ആകാശം അപ്പോളേക്കും കിഴക്ക് വെള്ള കീറിയിരുന്നു.
ആ യാത്ര അന്ന് അവസാനിച്ചത് ഗലീലി തടാകത്തിന്റെ മറുകരയിലാണ്. വഴിയിലുടെ നീളം ദാവീദിന്റെ പുത്രാ, നസ്രായന്‍ യേശുവേ എന്നില്‍ കനിയണമേ എന്ന യാചനകള്‍ ഉയര്‍ന്നു കേട്ടപ്പോഴാണ് ഞാന്‍ നടന്നു നീങ്ങുന്നത് ആരുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞത്. ഓരോ വഴിയരികും, ഓരോ പ്രഭാതവും പുതിയ ബോധ്യങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മരണത്തിന്റെ ഓരിയിടലും ശവംതീനി കഴുകന്മാരുടെ കൂകലും മാത്രം കേട്ടുശീലിച്ചിരുന്ന എന്റെ ചെവികള്‍ ജീവന്റെ വചനങ്ങള്‍ ആര്‍ത്തിയോടെ കേള്‍ക്കാന്‍ തുടങ്ങി. ഇരുള്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന എന്റെ മിഴികള്‍ക്ക് മുന്നില്‍ അണയാത്ത ഒരു വെട്ടം ജ്വലിക്കുന്നതു ഞാന്‍ തിരിച്ചറിഞ്ഞു. ഗുരു മൊഴികളും ഗുരു സാന്നിദ്ധ്യവും എന്റെ ഹൃദയത്തില്‍ പ്രതിഷ്ഠയായി. ഒരു പുനര്‍ജനിയുടെ പാത എനിക്കായി അവന്‍ തുറക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് അവന്റെ ഉറ്റവര്‍ എന്റെയും പ്രിയപ്പെട്ടവരായി മാറിയത്; അവന്റെ അമ്മ, പന്ത്രണ്ടു പേര്‍, യാത്രയില്‍ അവനെ അനുഗമിച്ച എന്നെ പോലുള്ള മറ്റു സ്ത്രീകള്‍. വെട്ടം കണ്ടെത്തിയ ഒരു പറ്റമാളുകള്‍. അടയാളങ്ങളും അത്ഭുതങ്ങളും ഹൃദയത്തിന്റെ ആഴങ്ങളെ തൊടുന്ന പ്രബോധനങ്ങളും അവന് സാധാരണ ജനങ്ങളുടെ ഇടയില്‍ വലിയ മതിപ്പും സ്വീകാര്യതയും ആണ് ഉണ്ടാക്കികൊടുത്തത്. അന്ധകാരം നിഴല്‍ വീഴ്ത്തിയ എത്രയെത്ര ജീവിതങ്ങളിലാണന്നോ അവന്‍ പ്രകാശമായി മാറിയത്! വരാനിരിക്കുന്ന മിശിഹാ ഇവന്‍ തന്നെ എന്ന് ഞങ്ങള്‍ അനുയായികളും അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചുറ്റും തടിച്ചു കൂടിയ ജനങ്ങളും ഉറച്ചു വിശ്വസിച്ചു തുടങ്ങിയപ്പോള്‍മുതല്‍ രംഗം മാറിത്തുടങ്ങി. പുരോഹിത ശ്രേഷ്ടരും ജനപ്രമാണികളും ഞങ്ങള്‍ക്ക് ചുറ്റും ശത്രുപാളയങ്ങള്‍ തീര്‍ക്കുന്നത് അവനും ഏറെ വേദനയോടെ ഞങ്ങളും തിരിച്ചറിഞ്ഞു. അവന്‍ പക്ഷെ സൌമ്യന്‍ ആയിരുന്നു. മനുഷ്യപുത്രന്‍ ഏല്പിച്ചു കൊടുക്കപ്പെടാന്‍ പോകുന്നു എന്ന് ഒരു പ്രവചനം കണക്കെ ആവര്‍ത്തിച്ചു പറയുമ്പോഴും അവന്‍റെ മുഖത്ത് കളിയാടിയത് അന്നൊരിക്കല്‍ എന്റെ ആക്രോശങ്ങളുടെ മുന്പില്‍ അവനില്‍ നിറഞ്ഞ അതേ ശാന്തത  തന്നെയെന്നു വിസ്മയത്തോടെയാണ് ഞാന്‍ ശ്രദ്ധിച്ചത്.
തിരുനാളില്‍ പങ്കുകൊള്ളാന്‍ പോകാന്‍ ഞങ്ങളെല്ലാവരും തയ്യാറെടുക്കുമ്പോഴാണ്‌ ഉറ്റ സ്നേഹിതന്‍ ലാസര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഒരു അശനിപാതം കണക്കെ അവന്റെ കാതില്‍ പതിഞ്ഞത്. വളര്‍ത്തുപിതാവ് യൌസെപ്പിന്റെ മരണവാര്‍ത്ത പോലെ ഇതും അവനെ ദുഃഖത്തിലാഴ്ത്തി. ആ മിഴികള്‍ ഒരിക്കല്‍കൂടി നിറഞ്ഞൊഴുകി. ഞങ്ങളാരും അതു കാണാതിരിക്കാന്‍ അവന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു. നെടുവീര്‍പ്പുകള്‍ നിശ്ചയദാര്ഢ്യത്തിനു വഴി മാറിയപ്പോള്‍ ചങ്ങാതിയെ തിരികെ ജീവന്റെ വെളിച്ചത്തിലേക്ക് അവന്‍ കൈപിടിച്ചുകൊണ്ട് വന്നു. ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അതിനാല്‍ ജെറുസലേം ദേവാലയത്തിലേക്കുള്ള അവന്റെ യാത്രയെ ജനക്കൂട്ടം ഓശാന വിളികളോടെ ആണ് എതിരേറ്റത്. പ്രമാണികളുടെയും പുരോഹിതമുഖ്യന്മാരുടെയും അനിഷ്ടം ഏറി എന്ന് പറയേണ്ടതില്ലല്ലോ. പെസഹ ഒരുക്കാന്‍ ഉറ്റ ശിഷ്യരെ പറഞ്ഞു വിട്ടിട്ടു അവന്‍  അസ്വസ്ഥതപ്പെടുന്നത് ഏറെ ഭയത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. അരുതാത്തതെന്തോ ഈ രാത്രിയില്‍ അരങ്ങേറാന്‍ പോകുന്നു എന്ന് മനസ് പറയുന്നുണ്ടായിരുന്നു. ഇല്ല, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണിവന്‍ എന്ന് എത്ര തവണ ആരും കേള്‍ക്കാതെ ഉരുവിട്ടുവെന്നോ ഞാന്‍! പെസഹ ആച്ചരിച്ചതിനിടയില്‍ പന്ത്രണ്ടുപേരുടെ കാലുകളില്‍ വീണു അവ കഴുകി ചുംബിച്ചുകൊണ്ട് ഞാന്‍ സ്നേഹിച്ചത് പോലെ നിങ്ങളും സ്നേഹിക്കണം എന്ന് പറഞ്ഞപ്പോള്‍ അവന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. ആചാരങ്ങള്‍ക്കൊടുവില്‍ തോട്ടത്തിലേക്ക് പോയത് പതിവുപോലെ പ്രാര്‍ഥനക്കാണെന്നേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ. ഒന്ന് മയക്കം പിടിച്ചപ്പോഴാണ് രാത്രിയുടെ നിശബ്ദതയെ തകര്‍ക്കുന്ന ആക്രോശങ്ങള്‍ ഞങ്ങള്‍ സ്ത്രീകള്‍ കേട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാന് മാളികയുടെ മട്ടുപ്പാവില്‍ നിന്ന് എത്തിനോക്കിയപ്പോള്‍ കണ്ടത് ചങ്ക് തകര്‍ക്കുന്ന കാഴ്ച. നന്മ മാത്രം പറഞ്ഞവനെ, നല്ലത് മാത്രം ചെയ്തവനെ അവര്‍ വിലങ്ങണിയിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. പത്രോസ് എവിടെ? എന്റെ കണ്ണുകള്‍ പരതി. ഇല്ല അവിടെങ്ങും ഇല്ല, യോഹന്നാനെയും ശിഷ്യന്മാരിലൊരുവനെ പോലും കാണുന്നില്ലല്ലോ. ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍ എന്ന് ഉരുവിട്ട് വീണ്ടും ധൈര്യം സംഭരിക്കാന്‍ ഞാന്‍ വെറും പാഴ്ശ്രമം നടത്തി. അമ്മയോട് എന്ത് പറയും? ഈ ചോദ്യം എന്നെ ഏറെ അലട്ടുന്നുണ്ടായിരുന്നു. പാവം, ബഹളങ്ങളും ആക്രോശങ്ങളും ഒന്നും കേള്‍ക്കാതെ നല്ല ഉറക്കത്തിലാണ്. വേണ്ട, ഇപ്പോള്‍ അറിയിക്കേണ്ടതില്ല. എണ്ണ വറ്റിതുടങ്ങിയ എന്റെ വിളക്ക് കരിന്തിരി കത്താന്‍ തുടങ്ങി.. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്കൊപ്പം ഏങ്ങലടികള്‍ പുറത്തേക്കു വരാതിരിക്കാന്‍ ഞാന്‍ ഏറെ പാടുപെട്ടു. ആ രാത്രിക്ക് നീളം ഏറെ ആയിരുന്നു. ഒടുവില്‍ നേരം പുലര്‍ന്നിട്ടും സൂര്യന്‍ ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്നത്പോലെ എനിക്ക് തോന്നി.
ഞങ്ങള്‍ എത്തുമ്പോഴേക്കും കഴുമരവും പേറി അവന്‍ അന്ത്യ യാത്ര തുടങ്ങിയിരുന്നു. ഹൃദയഭേദകമായ ആ കാഴ്ച കാണാന്‍ എനിക്കാവുമായിരുന്നില്ല. മരണത്തിന്റെ താഴ്വരയില്‍ നിന്ന് എന്നെ വീണ്ടെടുത്തവന്‍ ഇതാ മരണത്തിലേക്ക് നടന്നടുക്കുന്നു. എന്റെ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതുപോലെ.. പരിഹാസവിളികളുടെ മുഴക്കത്തില്‍ ഞങ്ങളുടെ നിലവിളികള്‍ മുങ്ങിപ്പോയിരുന്നു. എന്റെ ഹൃദയത്തില്‍ ഒരിക്കല്‍ക്കൂടി അനാഥത്വം നിറച്ചുകൊണ്ട് അവന്റെ അന്ത്യമൊഴി, “എല്ലാം പൂര്‍ത്തിയായി”. അമ്മയോടൊപ്പം കുരിശിന്‍ചുവട്ടില്‍ അവന്റെ ചേതനയറ്റ, തകര്‍ക്കപ്പെട്ട ശരീരത്തിലേക്ക് നോക്കി നിന്നപ്പോള്‍ അവന്റെ അന്ത്യമൊഴിക്ക് എന്തോ അര്‍ത്ഥവ്യാപ്തിയുണ്ടെന്നു മനസ്സില്‍ ആരോ പറയുമ്പോലെ. നിയമം പൂര്‍ത്തിയാക്കാന്‍ വന്നവന്‍ ഇവിടെ കുരിശില്‍ ഒടുങ്ങില്ല എന്നൊരു ചിന്ത ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി.  മേഘങ്ങള്‍ ഇരുള്‍ ചൂടി നിന്ന ആ മദ്ധ്യാഹ്നത്തില്‍ അവന്റെ കുരിശില്‍ നിന്ന് ഒരു പ്രകാശം പ്രസരിക്കുന്നത് എന്റെ അകക്കണ്ണ്‍കള്‍ ഒപ്പിയെടുത്തു. കുറച്ചു മുമ്പ് വരെ മാറി നിന്ന ധൈര്യം തിരികെ വന്നത് പോലെ.
നിശബ്ദത തളം കെട്ടി നിന്ന രാത്രി. പിറ്റേന്ന് സാബത്തായതിനാല്‍ സുഗന്ധക്കൂട്ടുകളും തൈലങ്ങളും ഞാന്‍ തയ്യാറാക്കിവെച്ചു. ഭയ ചകിതരായി ചിതറിപ്പോയ ശിഷ്യന്മാരോക്കെ ഇരുളിന്റെ മറ പറ്റി അപ്പോഴേക്കും വീടണഞ്ഞിരുന്നു. ആര്‍ക്കും ഒന്നും തന്നെ മിണ്ടാനില്ലായിരുന്നു. പെട്ടെന്ന് അനാഥരായത് പോലെ.  അമ്മയാകട്ടെ ഒരു ശാന്തത പകരുന്നുണ്ടായിരുന്നു, ഒരു വാക്ക് പോലും ഉരിയാടാതെ. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറും എന്ന ചൊല്ലിന്റെ അര്‍ഥം വീണ്ടും വീണ്ടും ഹൃദയത്തിന്റെ ആഴത്തില്‍ ധ്യാനിച്ചതില്‍ നിന്നാവാം അവള്‍ക്കീ ശാന്തത എന്ന് ഞാന്‍ വിശ്വസിച്ചു. ഞാനാകട്ടെ “അവന്‍ ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍” എന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട്‌ ഉരുവിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉറക്കം വഴി മാറി നിന്ന രണ്ടാം രാത്രിയില്‍ അമ്മയുടെ ശാന്തത എന്നിലേക്കും പടരുന്നതുപോലെ ഒരു തോന്നല്‍. ആ രാത്രിക്ക് ദൈര്‍ഘ്യം തീരെ കുറവാണെന്ന് എനിക്ക് തോന്നി. കിഴക്ക് വെള്ള കീറും മുന്പേ സുഗന്ധക്കൂട്ടുകളും തൈലവുമായി ഞാന്‍ വീട് വിട്ടിറങ്ങി. സുഗന്ധദ്രവ്യങ്ങള്‍ തോട്ടത്തിലേക്കുള്ള വഴിയില്‍ പരിമളം പൂശുന്നുണ്ടായിരുന്നു. എന്നെ വീണ്ടെടുത്ത കരങ്ങളെ ജീവനറ്റതായി കാണണമല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും മിഴികള്‍ നിറഞ്ഞൊഴുകി. കണ്ണുകള്‍ തുടച്ചു തിടുക്കത്തില്‍ ഞാന്‍ ആ വഴി പിന്നിട്ടു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവന്റെ കല്ലറയിലേക്ക് ഞാന്‍ മിഴി പായിച്ചത്. പുലരിവെട്ടത്തില്‍ ഞാന്‍ കണ്ട കാഴ്ച എന്‍റെ ഭയം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. കുടീരത്തിന്റെ കല്ല്‌ ആരോ ഇളക്കി മാറ്റിയിരിക്കുന്നു. തിരക്കിട്ടിറങ്ങിയപ്പോള്‍ ഈ കല്ലിളക്കി മാറ്റാന്‍ ശിഷ്യന്മാരിലരെയെങ്കിലും സഹായത്തിനു വിളിക്കുന്ന കാര്യം മറന്നു പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ... വിറയ്ക്കുന്ന കാലുകളോടെ ആ ഗുഹാമുഖത്തേക്ക് അടുത്ത് ചെന്ന് ഞാന്‍ ഉള്ളിലേക്ക് എത്തി നോക്കി. “പിതാക്കന്മാരുടെ ദൈവമേ, എന്റെ ഗുരു....” അവന് എന്ത് സംഭവിച്ചു? കലങ്ങിയ ഹൃദയവുമായി ഞാന്‍ തിരികെ ഓടുകയായിരുന്നു. ഇസ്രായേലിന്റെ ദൈവമേ ശൂന്യമായ കല്ലറ അല്ല ഞാന്‍ തേടിയത്. ആരാണ് എന്റെ നാഥനെ കട്ടുകൊണ്ട് പോയത്? അലറിക്കരഞ്ഞുകൊണ്ടാണ് ഞാന്‍ വീട്ടിലെത്തി പത്രോസിനെ കാര്യം അറിയിച്ചത്. എന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ പത്രോസ് ഇറങ്ങി ഓടുകയായിരുന്നു. കൂടെ ശിഷ്യന്മാരില്‍ ചിലരും. അവരുടെ പുറകെ ഒരിക്കല്‍ക്കൂടി കല്ലറയിലേക്ക് ഓടുമ്പോഴും എന്നെ വിറക്കുന്നുണ്ടായിരുന്നു. ഗുഹക്കകത്തു കയറിയ പത്രോസ് വിറയ്ക്കുന്ന വാക്കുകളോടെ സാക്ഷ്യപ്പെടുത്തി. അവനെ ആരോ മോഷ്ടിച്ചിരിക്കുന്നു. അണപൊട്ടിയ സങ്കടത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ശിഷ്യന്മാര്‍ പോയിക്കഴിഞ്ഞും ഞാന്‍ അവിടെ തന്നെ നിന്ന് കരഞ്ഞു. വീട്ടിലെത്തി അമ്മയോട് എന്ത് പറയും എന്ന ചിന്ത എന്റെ സങ്കടത്തിന്റെ അളവ് കൂട്ടി. യുവത്വം തുളുമ്പി നിന്ന മകന്റെ ദാരുണ മരണം കണ്ടു നിന്ന അമ്മ അവന്റെ മൃതദേഹം കാണുന്നില്ല എന്നു കേള്‍ക്കുമ്പോള്‍ ഇനി എങ്ങനെ പ്രതികരിക്കും? ഈ ചിന്ത എന്നെ മഥിക്കാന്‍ തുടങ്ങി. അമ്മയുടെ സാന്നിധ്യം പകര്‍ന്ന ശാന്തത എന്നില്‍ നിന്ന് ചോര്‍ന്നു പോയിരുന്നു. ഇല്ല വീട്ടിലേക്കു മടങ്ങാന്‍ എനിക്കാവില്ല.
കുരിശിന്‍ചുവട്ടില്‍ നിന്നപോള്‍ ഉള്ളില്‍ മൊട്ടിട്ട പ്രതീക്ഷയുടെ നാമ്പുകള്‍ മുളയിലേ വാടിക്കരിഞ്ഞതുപോലെ. ശൂന്യമായ എന്റെ ഹൃദയം കണ്ണീര്ക്കടല്‍ തീര്‍ത്തപ്പോഴാണ് എന്തിനു കരയുന്നു എന്ന ചോദ്യം ഞാന്‍ കേട്ടത്. രണ്ടു അപരിചിതര്‍. ഗുരുവിനെ നഷ്ടമായ കഥ അവരോടും  ആവര്തിച്ചിട്ടു തിരിഞ്ഞപ്പോള്‍ മറ്റൊരുവന്‍ എന്റെ പുറകില്‍. തോട്ടക്കാരായിരിക്കണം, അല്ലാതെ ആരാണ് ഇത്ര പുലര്‍ച്ചെ ഇവിടെ തോട്ടത്തില്‍? വിനയത്തോടെ ഇവരുടെ കാല്‍ക്കല്‍ വീണു അപേക്ഷിക്കാം. എവിടെയാണെന്നെങ്കിലും ഒന്നു പറയട്ടെ. വിങ്ങുന്ന എന്റെ ഹൃദയത്തിന്റെ യാചനക്ക്‌ മൂന്നാമന്‍ മറുപടിയായി എന്നെ പേരു വിളിക്കുകയാണ്‌ ചെയ്തത്. ഗുരു വിളിച്ചിരുന്നത്പോലെ ഒരു മാധുര്യം, അതെ ആര്‍ദ്രത. ഇല്ല എന്റെ തോന്നലാവാം. സംശയിച്ചു നിന്ന എന്നെ ഒരിക്കല്‍ക്കൂടി അവന്‍ വിളിച്ചു “മറിയം”. തിരിച്ചറിവുകളുടെ വാതിലാണ് ആ വിളി തുറന്നു തന്നത്. ഗുരോ എന്നല്ലാതെ എനിക്ക് വിളി കേള്‍ക്കാന്‍ പറ്റുമായിരുന്നില്ല. പൊടുന്നനെ പൂര്‍വദൃശ്യങ്ങലെല്ലാം എന്റെ കണ്മുന്നില്‍ തെളിഞ്ഞുവന്നു. ദേവാലയത്തെക്കുറിച്ചുള്ള അവന്റെ പ്രവചനം, കുരിശിന്‍ ചുവട്ടില്‍വെച്ചു എനിക്ക് കൈ വന്ന ധൈര്യം, അമ്മയില്‍ നിന്ന് കുറച്ചു നേരത്തേക്കെങ്കിലും പകര്‍ന്നു കിട്ടിയ ശാന്തത. ഒരുക്കുകയായിരുന്നു എന്നെ അവന്‍. ഈ ഒരു കൂടിക്കാഴ്ചയ്ക്കായി. എന്നാല്‍ ഭയം എന്നെ അടിമുടി വിഴുങ്ങിയപ്പോള്‍ ഉള്ളില്‍ അവന്‍ തെളിച്ച തിരി കെട്ടുപോയത് എന്റെ ഉറപ്പില്ലായ്മ കൊണ്ട് മാത്രം. ജീവിക്കുന്നവനെ മരിച്ചവന്റെ കല്ലറയില്‍ തിരഞ്ഞത് എന്റെ പോരായ്മ. അവനാകട്ടെ ജീവന്റെ തോട്ടത്തില്‍ എന്നെയും കാത്തിരിക്കുകയായിരുന്നു, എന്നെ ബലപ്പെടുത്താന്‍. എന്റെ വിശ്വാസം വര്‍ധിപ്പിക്കാന്‍. കൈയില്‍ കരുതിയിരുന്ന സുഗന്ധക്കൂട്ടുകളെക്കാള്‍ പരിമളം അവന്റെ സാന്നിധ്യം എന്നില്‍ നിറച്ചുകൊണ്ടിരുന്നു. പുതിയ ദൌത്യവും  പേറി, പകല്‍ വെട്ടത്തില്‍ ഞാന്‍ ശിഷ്യന്മാരുടെ അടുക്കലേക്കു തിടുക്കത്തില്‍ തോട്ടത്തിന്റെ കാവ്ല്‍ക്കാരിയാവാന്‍.
എന്റെ കഥ പറഞ്ഞു തീര്‍ക്കുംമുന്പേ ഒരു വാക്ക് മാത്രം നിങ്ങളോട്. മരണം ഓരിയിടുന്ന ബന്ധനത്തിന്റെ ശവകുടീരങ്ങള്‍ക്കിടയില്‍ നിന്നെ ക്രിസ്തു കണ്ടെത്തിയത് നിരാശയുടെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അല്ല, ജീവന്റെ തോട്ടത്തിലേക്ക് നയിക്കാനാണ്; അറ്റുപോകാത്ത ജീവന്റെ തോട്ടത്തിലേക്ക്!!!
(Easter ദിനത്തില്‍ (1-4-2018) റേഡിയോ മരിയ ഇന്ത്യ സംപ്രേഷണം ചെയ്തത്; ശ്രീ. Deltus Thekealunkal ന് പ്രത്യേക നന്ദി )

No comments:

Post a Comment