Saturday, June 30, 2018

വചനവിചാരങ്ങൾ 138

വചനം:
കര്‍ത്താവേ, എന്റെ  ഭൃത്യന്‍ തളര്‍വാതം പിടിപെട്ട്‌ കഠിനവേദന അനുഭവിച്ച്‌, വീട്ടില്‍ കിടക്കുന്നു. (മത്തായി 8, 6)

വിചാരം:
സ്ഥാനമാനങ്ങളുടെ പത്രാസുകളിലേക്കല്ല, അപരന്റെ വേദനയിലേക്കാണ്‌ നീ മിഴികൾ തുറന്നുവയ്ക്കേണ്ടത്‌. കണ്ണുകൾക്കുമുന്നിൽ തെളിയുന്ന നൊമ്പരച്ചിത്രങ്ങളെ ഒപ്പിയെടുത്തു ഗുരുവിന്റെ കർണ്ണങ്ങളിലോതുക. അവയാകട്ടെ, അയോഗ്യതകൾ മാത്രം നിറഞ്ഞ നിന്റെ കൂരയിലേക്ക്‌ നീ പോലും അറിയാതെ അവനായുള്ള വഴി തെളിക്കും‌.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(30-6-2018)

Friday, June 29, 2018

വചനവിചാരങ്ങൾ 137

വചനം:
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. (മത്തായി 16, 18)

വിചാരം:
എന്റെ കണ്ണിൽ അവൻ വെറും എടുത്തുചാട്ടക്കാരൻ... വാളോങ്ങുന്നവൻ... തള്ളിപ്പറയുന്നവൻ... ഇങ്ങനൊരുവന്റെ ഉള്ളിൽപോലും എങ്ങനെയാണ്‌ ക്രിസ്തു പാറ കണ്ടത്‌!!!ചഞ്ചലപ്പെടുന്ന, അരിശപ്പെടുന്ന, പലവുരു അവനെ തള്ളിപ്പറയുന്ന നീ, ഒരുനാൾ കണ്ണീർക്കടലിൽ മുങ്ങിനിവർന്നു, അവനെ സ്നേഹിക്കുന്നുവെന്നു ഉള്ളുതുറന്നു മൂന്നാവർത്തി ഏറ്റുപറയുമ്പോൾ, നിന്റെ ഉള്ളിലും ക്രിസ്തു ഉറപ്പുള്ള ഒരു ശില കണ്ടെത്തും; അതുമാത്രം മതി അവന്‌.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(29-06-2018)

Thursday, June 28, 2018

വചനവിചാരങ്ങൾ 136

വചനം:
കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്‌ഥനായ പിതാവിന്റെ  ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വർഗരാജ്യത്തില്‍  പ്രവേശിക്കുക. (മത്തായി 7, 21)

വിചാരം:
വാക്കുകളല്ല, പ്രവൃത്തികളാണ്‌ അവനു താൽപര്യം. അതുകൊണ്ടാണ്‌ യാചനകൾ മാത്രം നിറഞ്ഞ നിന്റെ പ്രാർത്ഥനാപുസ്തകത്തിന്റെ ഏടുകൾ നീ മറിക്കുമ്പോളും, അവൻപോലും കാണാതിരിക്കാൻ നീ പൂഴ്ത്തിവയ്ക്കുന്ന സ്നേഹത്തിന്റെ കണക്കുപുസ്തകം അവൻ തിരയുന്നത്‌. അടുത്ത തവണയെങ്കിലും ഒഴിഞ്ഞ താളുകൾ അവൻ കാണാതിരിക്കട്ടെ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(28-6-2018)

Wednesday, June 27, 2018

വചനവിചാരങ്ങൾ 135


വചനം:
നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നൽകുന്നു. (മത്തായി 7, 17)

വിചാരം:
പൊയ്‌മുഖങ്ങളും പ്രച്ഛന്ന വേഷങ്ങളും അണിഞ്ഞ്, ജീവിതത്തിൻറെ അരങ്ങിൽ ഞാൻ എത്രനാൾ ഇങ്ങനെ കെട്ടിയാടും? എല്ലാം അഴിച്ചുവച്ച് നഗ്നമാകുന്ന നിമിഷങ്ങളിൽ അവൻ എന്നെ പരിശോധിച്ചറിയുമെന്നു ഞാൻ എപ്പോഴും ഓർക്കാത്തതെന്തേ?

പുണ്യം പൂവിടട്ടെ
സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!
(27-6-2018)

Tuesday, June 26, 2018

വചനവിചാരങ്ങൾ 134

വചനം:
മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. (മത്തായി 7, 12)

വിചാരം:
അപരനിലേക്കുള്ള ചെയ്തികളിൽ മടി കാട്ടിയിട്ടു,  അവനിൽ നിന്നുള്ള പ്രതീക്ഷകളിൽ മാത്രം തളംകെട്ടി നിൽക്കുകയാണു ഞാൻ. പ്രതീക്ഷകൾ പ്രവൃത്തികളിലേക്ക് വഴിതിരിച്ചുവിടാൻ എനിക്ക്‌ കഴിഞ്ഞിരുന്നെങ്കിൽ, അവനും എനിക്കുമിടയിൽ എത്രപണ്ടേ സ്നേഹം തളിർക്കുമായിരുന്നു!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(26-06-2018)

Monday, June 25, 2018

വചനവിചാരങ്ങൾ 133

വചനം:
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. (മത്തായി 7, 5)

വിചാരം:
സ്വന്തം വീക്ഷണ കോണുകളിൽനിന്നു പരസ്പരം നോക്കുമ്പോൾ അന്യോന്യം പഴി ചാരാൻ നമുക്ക്‌ എന്തെളുപ്പമാണ്‌. നിന്റെ വീക്ഷണകോണിൽനിന്നു ഞാൻ എന്നെയും, എന്റെ വീക്ഷണകോണിൽനിന്നു നീ നിന്നെയും കണ്ടുതുടങ്ങുമ്പോൾ കാപട്യത്തിന്റെ മുഖംമൂടികൾ അനായാസം പൊളിച്ചുകളയാനാവും നമുക്കിരുവർക്കും. പഴിചാരലുകളുടെ വിധിവാചകങ്ങൾ അപ്പോൾ സ്നേഹക്കുറിപ്പുകൾക്ക്‌ വഴി മാറും!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(25-06-2018)

Sunday, June 24, 2018

വചനവിചാരങ്ങൾ 132

വചനം:
അവർ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേര്‌ ഇല്ലല്ലോ. (ലൂക്കാ 1, 61)

വിചാരം:
കീഴ്‌വഴക്കങ്ങൾക്കും ക്രമീകരണങ്ങൾക്കും അതീതമാണ്‌ അവന്‌ നിന്നെക്കുറിച്ചുള്ള പദ്ധതി. മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല, അവന്റെ ഹിതത്തിനാണ്‌ നിന്നെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കേണ്ടത്‌; മറ്റെല്ലാം അവൻതന്നെ നോക്കിക്കൊള്ളും.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!

(24-6-2018)

Saturday, June 23, 2018

വചനവിചാരങ്ങൾ 131

വചനം:
നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്‌. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടു കൊള്ളും. (മത്തായി 6, 34)

വിചാരം:
ഇന്നലെകളിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നുള്ളതാണ് എന്റെ പോരായ്മ. പിന്തിരിഞ്ഞു നോക്കുമ്പോൾ നന്ദിയോടെ ഓർക്കാൻ നീ വഴി നടത്തിയ എണ്ണമറ്റ അനുഭവങ്ങൾ. എങ്കിലും നാളെയെക്കുറിച്ചുള്ള വേവലാതികൾ  മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ, നിന്റെ വാക്കുകൾ ഞാൻ മറന്നു കളയുന്നു. നിന്നിൽ ചാരിനിന്നു ഇന്നിൽ മാത്രം ജീവിക്കാൻ കൃപയരുളേണമേ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!
(23-6-2018)

Friday, June 22, 2018

വചനവിചാരങ്ങൾ 130

വചനം:
നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. (മത്തായി 6,21)

വിചാരം:
നീയാകുന്നു എന്റെ നിധി. നിന്നിലേക്കുള്ള യാത്രക്കിടയിലും വഴിയോരങ്ങളിൽ എന്റെ മിഴികളുടക്കുന്നു. തുരുമ്പെടുക്കുന്നവ എന്നറിഞ്ഞിട്ടും, ആദ്യം മിഴികളെ മാത്രം കവർന്നവ പതിയെ ഹൃദയത്തെപോലും കീഴടക്കി വച്ചിരിക്കുന്നു. വീണ്ടെടുക്കണമെന്നുണ്ടെങ്കിലും തനിയെ കഴിയുന്നില്ല. എല്ലാം സാധ്യമായവനേ, ഇറങ്ങി വരിക, കുരുങ്ങിക്കിടക്കുന്ന ഈ ഹൃദയത്തെ നീ മോചിപ്പിക്കുക.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിൻറെ ജീവിതവഴികളിൽ!!!
(22-6-2018)

Thursday, June 21, 2018

വചനവിചാരങ്ങൾ 129

വചനം: നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു. (മത്തായി 6, 8)

വിചാരം:
കണ്ണീർക്കണങ്ങളെ, തേങ്ങലുകളെ, നെടുവീർപ്പുകളെ, നിന്റെ നെഞ്ചിടിപ്പുകളെപ്പോലും വായിച്ചറിയുന്നവന്റെ മുൻപിൽ എന്തിനാണ്‌ യാചനകളുടെ നീണ്ട പട്ടിക? ഏറ്റം സ്വകാര്യമായ നിമിഷങ്ങളിൽ, അവന്റെ മിഴികളിൽ ഉറ്റുനോക്കി പരസ്പരം സ്നേഹിച്ചു കൊണ്ടേയിരിക്കുക. സ്നേഹം മാത്രം വാചാലമാകുന്നിടമാണ്‌ പ്രാർത്ഥന.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(21-6-2018)

Wednesday, June 20, 2018

വചനവിചാരങ്ങൾ 128

വചനം:
നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോട്‌ പ്രാർത്ഥിക്കുക. (മത്തായി 6, 6)

വിചാരം:
ഒരുപാടിടങ്ങളിൽ തളച്ചിട്ടിരിക്കുന്ന മനസ്സിനെ, നിത്യേന അൽപ നേരത്തേക്കെങ്കിലും ഒന്നു മോചിപ്പിച്ചെടുത്ത്‌ നിനക്കു മാത്രമായി തുറന്നിടാൻ എനിക്ക്‌ കഴിഞ്ഞിരുന്നെങ്കിൽ... വാക്കുകൾ അന്യമാകുന്ന ആ നിമിഷങ്ങളിൽ, ഒഴുകിയിറങ്ങുന്ന മിഴിനീർക്കണങ്ങളിൽ നീ എന്റെ ജീവിതം തന്നെ വായിച്ചെടുക്കുമെന്നു എനിക്കുറപ്പുണ്ട്‌. ഒടുവിൽ, നിന്റെ സ്നേഹം കണ്ണീരൊപ്പുന്ന ഒരു തൂവാലയായി മാറും! ദാനമായി നൽകണേ, അനുദിനം ഇത്തരം നൊടിനേരങ്ങളെ!!!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(20-6-2018)

Tuesday, June 19, 2018

വചനവിചാരങ്ങള്‍ 127

വചനം:
ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. (മത്തായി 5, 44)

വിചാരം:
എന്നെ സ്നേഹിക്കുന്നവരുടെ ചെറിയൊരു കുറവു പോലും അംഗീകരിക്കാൻ മനസ്സു വളർന്നിട്ടില്ലാത്ത എന്നോടു തന്നെയാണോ ശത്രുവിനെ സ്നേഹിക്കാൻ നീ പറയുന്നത്‌? ചുരുങ്ങിയിരിക്കുന്ന എന്റെ മനസ്സറകളിലേക്ക്‌ നിന്റെ വാഴ്‌വുകൾ അയക്കുക; ആദ്യം സ്നേഹിതരോടു പൊറുക്കാനും പിന്നെ ശത്രുവിനെ സ്നേഹിക്കാനും എന്റെ ഹൃദയമപ്പോൾ വിടരും.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!

Monday, June 18, 2018

വചനവിചാരങ്ങള്‍ 126

വചനം:
ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. (മത്തായി 5, 41)

വിചാരം:
പകരം വീട്ടലും ചോദിക്കുന്നതു പോലും കൊടുക്കാനുള്ള മടിയുമാണ്‌ എന്റെ  ശീലങ്ങൾ. ‌നീ ആവശ്യപ്പെടുന്നതാകട്ടെ, ചോദിക്കുന്നതിലും അധികം പങ്കുവയ്ക്കാനും. ഗുരോ, പഴയ നിയമത്തിന്റെ ഏടുകളിൽ നിന്നു പുതിയ നിയമത്തിന്റെ ഏടുകളിലേക്ക്‌ ജീവിതത്തെ പകർത്തിയെഴുതാൻ ഞാൻ എത്ര നാൾ കൂടി കാത്തിരിക്കേണ്ടി വരും?

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(18-6-2018)

Sunday, June 17, 2018

വചനവിചാരങ്ങള്‍ 125

വചനം:
ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശം... അത്‌ ഒരു കടുകുമണിക്കു സദൃശമാണ്‌. (മർക്കോസ്‌ 4, 26 & 30)

വിചാരം:
നന്മയുടെ ഒരു ചെറുവിത്ത്‌ നിന്റെ നെഞ്ചിൽ പാകിയിട്ട്‌ അതു മുളക്കുന്നതും, വളരുന്നതും, പടർന്നു പന്തലിക്കുന്നതും കാത്തിരിക്കുന്നവൻ നിന്നോട്‌ പറയുന്നു, നീയും വിതക്കുക ചില ചെറു മണികൾ: ഒരു ചെറുപുഞ്ചിരി, ഒരു നുള്ളു സ്നേഹം, ഒരു തുള്ളി‌ ക്ഷമ. ചില ജീവിതങ്ങളിലവ നാളുകളോളം തണൽ വിരിക്കും.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(17-6-2018)

Saturday, June 16, 2018

വചനവിചാരങ്ങള്‍ 124

വചനം:
നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ, അല്ല, അല്ല എന്നോ ആയിരിക്കട്ടെ (മത്തായി 5, 37).

വിചാരം:
നീ സർവ്വവ്യാപിയും സർവ്വജ്ഞാനിയുമാണെന്ന വസ്തുത വിസ്മരിച്ചു കൊണ്ടാണ്‌ ഞാൻ നിഗൂഢതകളുടെയും കാപട്യങ്ങളുടെയും ഇരുളിൽ മറഞ്ഞുനിൽക്കാൻ വൃഥാ ശ്രമിക്കുന്നത്‌. അസത്യങ്ങളുടെ മുഖംനോട്ടങ്ങളിൽ നിന്നു നിന്റെ സത്യത്തിലേക്ക്‌ തിരികെ നടക്കാൻ നീ ഒന്നു കൈ നീട്ടി തരേണമേ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(16-6-2018)

വചനവിചാരങ്ങള്‍ 123

വചനം:
ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലത്തുകണ്ണ്‍ നിനക്ക് പാപഹേതുവാകുന്നെങ്കില്‍, അതു ചൂഴ്ന്നെടുത്ത്‌ എറിഞ്ഞുകളയുക... വലത്തുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക (മത്തായി 5, 28-30)

വിചാരം:
മനവും മിഴികളും, മനവും കരങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുള്ളത്‌ എന്നെക്കാൾ നന്നായി അറിയുന്ന നീ മനസ്സിന്റെ പവിത്രതയെക്കുറിച്ച്‌ എനിക്ക്‌ പാഠമേകുന്നു. എന്റെ മിഴികൾക്ക്‌ മുന്നിൽ തെളിയുന്നതെല്ലാം ഞാൻ കാണേണ്ടവയല്ലെന്ന് നീ പറയുന്നെങ്കിലും നിന്റെ പാഠം ജീവിതത്തിന്റെ പുസ്തകത്തിൽ പകർത്തിയെഴുതാൻ ഗൃഹപാഠങ്ങൾ ഇനിയും ഞാൻ ചെയ്യേണ്ടിയിരിക്കുന്നു.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(15-6-2018)

വചനവിചാരങ്ങള്‍ 122

വചനം:
കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. (മത്തായി 5, 21)

വിചാരം:
വാക്കുകൾ കൊണ്ടു മാത്രമല്ല, അവഗണന കൊണ്ടും നിന്റെ ഹൃദയത്തിൽ നിന്നു പിഴുതുമാറ്റുന്നുണ്ട്‌ ചില ജീവിതങ്ങളെ. നിന്റെ ഹൃദയത്തിൽ നിന്നു വലിച്ചെറിയപ്പെടുമ്പോൾ ജീവന്റെ പച്ചപ്പ്‌ തന്നെയാണ്‌ നീ മൂലം അവർക്ക്‌ കൈമോശം വരുന്നത്‌. തുടിക്കുന്നൊരു ഹൃദയത്തിൽ തുന്നിച്ചേർക്കപ്പെട്ടിരിക്കുന്ന നീ ഇങ്ങനെ അല്ലല്ലോ ആയിത്തീരേണ്ടത്‌?
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(14-6-2018)

വചനവിചാരങ്ങള്‍ 121

വചനം:
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. (മത്തായി 5, 19)

വിചാരം:
പ്രമാണങ്ങൾ ഒരുക്കിയിട്ട്‌ നീ അവയിൽ സ്നേഹം ചാലിച്ചു; എന്റെ നെഞ്ചിൽ അവ കോറിയിട്ടു. അവയിൽ ഏറ്റം നിസ്സാരമായതിനു പോലും നിന്റെ സ്നേഹത്തിന്റെ നനവ്‌. അവ അനുസരിക്കുക എന്നാൽ സ്നേഹമാവുക എന്നു മാത്രം അർത്ഥം; ലംഘിക്കുക എന്നാൽ എന്നിലെ സ്നേഹം വറ്റിപോവുക എന്നും‌. വറ്റാതെ, ഉറവ പൊടിഞ്ഞു നിൽക്കട്ടെ എന്നിൽ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(13-6-2018)

വചനവിചാരങ്ങള്‍ 120


വചനം:
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്... നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. (മത്തായി 5, 13-14)

വിചാരം:
സ്നേഹത്തിന്റെ രുചിക്കൂട്ടാവാൻ, ഉറകെട്ടു പോകും മുമ്പേ നീ അവരിൽ അലിഞ്ഞു ചേരേണ്ടതുണ്ട്‌. ഇരുൾ അവരെ പൊതിയും മുമ്പേ, നിന്നിലെ ചെറുവെട്ടത്തെ നീ കൊളുത്തേണ്ടതുണ്ട്‌. ഉറകെട്ടു പോകാതിരിക്കാൻ, എണ്ണ വറ്റാതിരിക്കാൻ ക്രിസ്തു നിന്നിൽ നിറഞ്ഞു നിൽക്കട്ടെ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(12-6-2018)

വചനവിചാരങ്ങള്‍ 119

വചനം:
ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍. (മത്തായി 10, 8)

വിചാരം:
കിട്ടുന്നതെല്ലാം സ്വരുക്കൂട്ടിവയ്ക്കുമ്പോഴാണ്‌ നിനക്ക്‌ തെറ്റുപറ്റുന്നത്‌. കൈവശമുള്ളതെല്ലാം സ്വന്തമെന്നു കരുതുമ്പോൾ നിന്റെ പതനം പൂർത്തിയാവും. തിരിച്ചറിയുക: ഒരുവന്‌ പ്രണയം തോന്നി നിന്നെ വാടകക്ക്‌ എടുത്തിരിക്കുകയാണ്‌. അവൻ തന്നതെല്ലാം അവൻ പറയും പോലെ പകുത്തു നൽകുക.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(11-6-2018)

വചനവിചാരങ്ങള്‍ 118

വചനം:
ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കളെല്ലാം കവര്‍ച്ച ചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനു ശേഷമേ കവര്‍ച്ച നടത്താന്‍ കഴിയൂ (മര്‍ക്കോസ് 3, 27)

വിചാരം:
ആശകളുടെ ചങ്ങലകൾ കൊണ്ട്‌ എന്നെ ബന്ധിച്ച്‌, ആത്മാവിനെ അപഹരിക്കാൻ ശത്രു ശ്രമിക്കുമ്പോഴെല്ലാം, നിന്നിലേക്ക്‌ ഓടിയണയാൻ എന്നെ സഹായിക്കണമേ; നിന്നോട്‌ ചേർന്നു നിൽക്കുമ്പോൾ മാത്രമേ ഞാൻ ശക്തനാകൂ എന്ന ബോദ്ധ്യവും നൽകേണമേ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(10-6-2018)

വചനവിചാരങ്ങള്‍ 117


വചനം:
അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. (ലൂക്കാ 2, 51)

വിചാരം:
ആനന്ദം അലതല്ലിയ നിമിഷങ്ങളിലൊന്നും അവൾ അതിരറ്റു സന്തോഷിച്ചില്ല. സങ്കടക്കടൽ ഇരമ്പി വന്നപ്പോൾ അവൾ തളർന്നു പോയുമില്ല. പകരം, സംഭവിച്ചതെല്ലാം ഹൃദയത്തിൽ സ്വരുക്കൂട്ടി വച്ചിട്ട്‌‌, ദൈവഹിതം ആരാഞ്ഞു കൊണ്ടേയിരുന്നു. അഴുക്കു പുരളാത്ത അമ്മഹൃദയമേ, ചെളി പുരണ്ട ഈ നെഞ്ചിനെ നിന്നോട്‌ ഞാനൊന്നു ചേർത്തുവച്ചോട്ടെ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(വിമല ഹൃദയ തിരുനാള്‍, 9-6-2018)

വചനവിചാരങ്ങള്‍ 116

വചനം:
പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. (യോഹന്നാന്‍ 19, 34)

വിചാരം:
ജീവൻ അറ്റുപോയിട്ടും ഒരു തുള്ളി ചോരയും നീരും നിന്റെ ചങ്കിൽ എനിക്കായി നീ നീക്കിവച്ചു. കുന്തമുന തീർത്ത വിടവിലൂടെ അവ എന്റെ നെറ്റിത്തടങ്ങളിലേക്ക്‌ ഇന്നും ഒഴുകിയിറങ്ങുന്നു. ചോര പൊടിയുന്ന നിന്റെ ചങ്കിലെ സ്നേഹം എന്റെ നെഞ്ചിനും സ്വന്തമായിരുന്നെങ്കിൽ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(തിരുഹൃദയ തിരുനാള്‍, 8-6-2018)

വചനവിചാരങ്ങള്‍ 115

വചനം:
നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടുംകൂടെ സ്നേഹിക്കുക. (മര്‍ക്കോസ് 12, 30)

വിചാരം:
പൂർണ്ണമായി നിന്നെ സ്നേഹിക്കണമെന്ന്‌ നീ പറയുമ്പോൾ, വിഭജിക്കപ്പെട്ടു കിടക്കുന്ന എന്റെ സ്നേഹത്തെ ഒരുമിച്ചുകൂട്ടി നിനക്ക്‌ തരണമെന്നർത്ഥം. അതാകട്ടെ, തീരെ എളുപ്പമല്ല താനും. നിന്റെ മുഖത്തിനും മുന്നിലായി പല മുഖങ്ങൾ തെളിയുമ്പോൾ ഞാൻ എപ്പോഴും പതറിപ്പോകുന്നു. എല്ലാവർക്കുമായി‌ വീതിച്ചു കഴിയുമ്പോൾ, നിനക്കുള്ളത്‌ മാത്രം കാലിയാവുന്നു. മഹാസ്നേഹമേ, മാപ്പേകുക.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(7-6-2018)

വചനവിചാരങ്ങള്‍ 114

വചനം:
വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്? (മര്‍ക്കോസ് 12, 24)

വിചാരം:
നിന്നെ അറിയുന്നെന്നു അധരം കൊണ്ടുമാത്രം ഏറ്റുപറയുകയും, എന്നാൽ  നിന്റെ ശക്തിയെ അവിശ്വസിക്കുകയും ചെയ്യുമ്പോൾ നീ എന്നെ നോക്കി നെടുവീർപ്പിടുന്നു. നിന്റെ നെടുവീർപ്പുകൾ പോലും എന്നിലെ മരണനിഴലുകളെ വകഞ്ഞുമാറ്റുന്നു; ഉയിർപ്പിന്റെ ഗീതികളാവുന്നു.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(6-6-2018)

വചനവിചാരങ്ങള്‍ 113

വചനം:
സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. (മര്‍ക്കോസ് 12, 17)

വിചാരം:
സമർപ്പണത്തിന്റെ തുലാസിൽ നിനക്കുള്ള വിഹിതം മാത്രം എപ്പോഴും കുറഞ്ഞാണിരിക്കുന്നത്‌. ജീവിതം സന്തുലിതമാവാൻ നിന്നിലേക്ക്‌ ഞാൻ കൂടുതൽ നിക്ഷേപിക്കേണ്ടിയിരിക്കുന്നു. കൃപയുടെ താങ്ങാവുക എന്റെ വഴികളിൽ നീ തന്നെയും!
പുണ്യം പൂവിടട്ടെ സുഹൃത്തേ നിന്റെ ജീവിത വഴികളിൽ!!!
(5-6-2018)

വചനവിചാരങ്ങള്‍ 112

വചനം:
പണിക്കാര്‍ ഉപേക്ഷിച്ച കല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. (മര്‍ക്കോസ് 12, 10)

വിചാരം:
നിയോഗ വഴികളിൽ നീ അവഗണിക്കപ്പെടുമ്പോൾ, തെറ്റിദ്ധരിക്കപ്പെടുമ്പോൾ, ഉപേക്ഷിക്കപ്പെടുമ്പോൾ ഒരു മുഖം മാത്രം നിന്റെ മനസ്സിൽ നിറയട്ടെ: ഉപേക്ഷിക്കപ്പെട്ടിട്ടും മൂലക്കല്ലായി മാറിയവന്റെ മുഖം. ഉപേക്ഷിക്കുന്നത്‌ പണിക്കാർ മാത്രമാണല്ലോ, ക്രിസ്തുവല്ലല്ലോ എന്നതിൽ മാത്രം ആശ്വസിക്കുക.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(4-6-2018)

വചനവിചാരങ്ങള്‍ 111

വചനം:
ഇത് സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. (മര്‍ക്കോസ് 14, 22)

വിചാരം:
അനുദിനം എന്റെ ഹൃദയത്തിലേക്ക്‌ വിരുന്നു വരുമ്പോൾ, ബലഹീനതകൾ എന്നിൽ തീർക്കുന്ന മുള്ളുകൾക്കിടയിലൂടെ ഞെരിഞ്ഞിറങ്ങേണ്ടി വരുന്നല്ലോ നിനക്ക്‌. എന്റെ യോഗ്യതകളല്ല, നിന്റെ സ്നേഹം മാത്രമാണ്‌ നിന്നെ അതിനു പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നത്‌.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(വി. കുര്‍ബാനയുടെ തിരുനാള്‍, 3-6-2018)

വചനവിചാരങ്ങള്‍ 110


വചനം:
അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‍കിയത്? (മര്‍ക്കോസ് 11, 28)

വിചാരം:
രക്ഷയിലേക്ക്‌ ഒരു വഴി തുറന്നിട്ട്‌, അതിലേക്ക്‌ എന്നെ നീ ക്ഷണിക്കുന്നെങ്കിലും, ഞാനിപ്പോഴും വഴിവക്കിൽ തന്നെ സംശയാലുവായി നിൽക്കുന്നു. ബുദ്ധി നിരത്തുന്ന ചോദ്യങ്ങൾ അവഗണിച്ച്‌, ഹൃദയം നിന്നിൽ പ്രതിഷ്ഠിക്കുമ്പോൾ മാത്രമേ, ഈ വഴി സഞ്ചരിക്കാൻ എനിക്ക്‌ കെല്‌പുണ്ടാവൂ.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(2-6-2018)

വചനവിചാരങ്ങള്‍ 109

വചനം:
അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അവന്‍ അടുത്തുചെന്നു. (മര്‍ക്കോസ് 11, 13)

വിചാരം:
പ്രത്യക്ഷത്തിൽ ഫലദായകമെന്ന് അൽപനേരത്തേക്കെങ്കിലും അവനെ വരെ  തെറ്റിദ്ധരിപ്പിക്കുന്നതാണ്‌ എന്റെ പരാജയം. പുറംകാഴ്ചകളിൽ കണ്ണുടക്കാത്തവൻ ഉള്ളം ഉരച്ചു നോക്കുമ്പോൾ എന്നിലെ ഊഷരത ‌തിരിച്ചറിയുമെന്നത്‌ വിസ്മരിക്കുന്നു ഞാൻ. അവനിലാവുക എന്നതു മാത്രമാണ്‌ ഫലദായകത്വത്തിലേക്കുള്ള പോംവഴി.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(1-6-2018)

വചനവിചാരങ്ങള്‍ 108

വചനം:
ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു. (ലൂക്കാ 1, 39)

വിചാരം:
പലപ്പോഴും ഞാൻ നിനക്ക്‌ പ്രവേശനം അനുവദിക്കുന്നത്‌ വാതിൽപ്പടി വരെ മാത്രമാണ്‌.  എനിക്കാവശ്യം ഉള്ളത്‌ നിന്നിൽ നിന്ന് തിരഞ്ഞെടുത്തിട്ട്‌ ഞാൻ നിന്നെ പറഞ്ഞയക്കുന്നു. അവളെപ്പോലെ ഹൃദയ വാതിൽ നിനക്കായി മലർക്കെ തുറന്നിടാനും നിന്നെയും കൂട്ടി ജീവിതത്തിന്റെ പരുപരുത്ത വഴികളിൽ തിടുക്കത്തിൽ അപരനെയും തേടി ഇറങ്ങാനും നിന്റെ കൃപ തെല്ലധികം എനിക്ക്‌ വേണം.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(31-5-2018)

വചനവിചാരങ്ങള്‍ 107

വചനം:
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. (മര്‍ക്കോസ് 10, 43-44)

വിചാരം:
ലോകത്തിന്റെ വലിയവനും ക്രിസ്തുവിന്റെ വലിയവനും തമ്മിലുള്ള അന്തരം മനസ്സിലാക്കി തുടങ്ങുമ്പോൾ നിന്റെ ദർശനത്തിനും ജീവിതത്തിനും‌ അവൻ പകരുന്ന തെളിച്ചം കൈ വരും; നിന്റെ ദൃഷ്‌ടി മുൻപന്തികൾക്ക്‌ പകരം ഇടക്കെട്ടുകൾ തിരയും!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(30-5-2018)

വചനവിചാരങ്ങള്‍ 106

വചനം:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല. (മര്‍ക്കോസ് 10, 29-30)

വിചാരം:
ഉപേക്ഷ അപൂർണ്ണമായതുകൊണ്ട്‌ എന്റെ സമർപ്പണം വികലമാവുന്നു. നിന്നെപ്രതി സ്വന്തമായ അനേകരിൽ നിന്നു കൂടി എന്റെ ഹൃദയത്തെ പറിച്ചെടുക്കേണ്ടതുണ്ട്‌, ആത്മാർപ്പണത്തിന്റെ പരിപൂർണ്ണതയ്ക്കായി. സർവ്വം ത്യജിച്ച സ്നേഹമേ, തുണയാവുക!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!
(29-5-2018)

വചനവിചാരങ്ങള്‍ 105

വചനം:
മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല, അവിടുത്തേക്ക് എല്ലാം സാധിക്കും. (മര്‍ക്കോസ് 10, 27)

വിചാരം:
എന്റെ യുക്തികൊണ്ട്‌ നിനക്കായി അളവുകോൽ നിർമ്മിച്ച്‌ ഞാൻ പരാജയമടയുന്നു. എന്റെ കണക്കുകൂട്ടലുകൾ പിഴക്കുന്നിടത്താകട്ടെ, നീ കൂട്ടിക്കിഴിക്കലുകൾ ആരംഭിക്കുന്നു. എല്ലാം സാദ്ധ്യമായവനേ, നിനക്ക്‌ പൂർണ്ണമായി കീഴ്‌വഴങ്ങട്ടെ ഞാൻ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(28-5-2018)

വചനവിചാരങ്ങള്‍ 104

വചനം:
യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. (മത്തായി 28, 20)

വിചാരം:
ഒരിക്കലും വാക്കു തെറ്റിക്കാതെ എന്നും കൂടെ നടക്കുന്നവനേ, ഇരുൾ വീണ വഴികളിലേക്കു  ഞാൻ കാലെടുത്തു വയ്ക്കുമ്പോൾ, അരുതെന്ന് നീ പറയുന്നുണ്ടല്ലേ... നിന്നെ അവഗണിച്ച്‌ ഞാൻ മുന്നോട്ടു നീങ്ങുമ്പോഴും, കണ്ണുപൊത്തി കരഞ്ഞുകൊണ്ട്‌ നീ എന്നെ പിന്തുടരുന്നുണ്ടല്ലേ... നിന്റെ താക്കീതുകൾക്കും നിലവിളികൾക്കും എന്നാണ്‌ ഞാൻ ഒന്നു ചെവി കൊടുക്കുക???
പുണ്യം പൂവിടട്ടെ, സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(27-5-2018)

വചനവിചാരങ്ങള്‍ 103

വചനം:
ശിശുക്കള്‍ എന്റെയടുത്തു  വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലുള്ളവരുടെതാണ്. (മര്‍ക്കോസ് 10, 14)

വിചാരം:
ഭയാനകമായവയിൽ നിന്നു പൊടുന്നനെ മുഖം തിരിക്കുന്ന, നന്മയിലേക്കും നിഷ്കളങ്കതയിലേക്കും ഇഷ്ടത്തോടെ മിഴി തുറക്കുന്ന കുഞ്ഞിന്റെ ഭാവമുണ്ടെങ്കിലേ, നിന്റെ വീട്ടിൽ എനിക്ക്‌ ഇടമുള്ളൂ എന്നരുളിച്ചെയ്തവനേ, ഒരിക്കൽക്കൂടി എന്റെ നെറ്റിത്തടത്തിൽ തൃക്കൈ നീട്ടി വാഴ്‌വേകുക! തിന്മയിൽ നിന്ന് ഞാൻ മുഖം തിരിക്കട്ടെ; നിന്നിലേക്ക്‌ മാത്രം ഞാൻ മിഴി തുറക്കട്ടെ!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(26-5-2018)

വചനവിചാരങ്ങള്‍ 102

വചനം:
ദൈവം സംയോജിപ്പിച്ചത്  മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. (മര്‍ക്കോസ് 10, 9)

വിചാരം:
എണ്ണമറ്റ ഹൃദയങ്ങളുമായി എന്റെ ഹൃദയത്തെ നീ തുന്നിച്ചേർത്ത നൂലിഴകളെ എന്റെ അക്ഷമ പൊട്ടിച്ചു കളയുന്നു. എല്ലാവരോടുമെന്നെ വിളക്കിച്ചേർത്ത കണ്ണികളെ എന്റെ സ്വാർത്ഥം അറുത്തു മാറ്റുന്നു. എത്ര നാൾ നീ ഇങ്ങനെ എനിക്കു മുന്നിൽ തോറ്റു തരും? നീ എല്ലാം വീണ്ടും കൂട്ടിയിണക്കുന്ന നാളിനായി ഞാൻ കാത്തിരിപ്പ്‌ തുടരുന്നു!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(25-5-2018)

വചനവിചാരങ്ങള്‍ 101

വചനം:
നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. (മര്‍ക്കോസ് 9, 41)

വിചാരം:
നിനക്കുള്ളവൻ/നിനക്കുള്ളവൾ എന്ന പേര്‌ ചാർത്തപ്പെട്ടിരിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌ എന്റെ ദാഹമകറ്റാനും എന്നെ ഊട്ടാനും അനേകം കരങ്ങൾ സന്നദ്ധമാകുന്നത്‌‌. പേരുകൊണ്ടു മാത്രമല്ല, ഉള്ളുകൊണ്ടും നിനക്കുള്ളവനാ/ളാകുമ്പോൾ നീ തന്നെയും എന്നെ ഊട്ടിത്തുടങ്ങും. എന്നാൽ, നിന്നിലേക്കുള്ള ദൂരം ഇനിയും ഒരുപാട്‌ ഞാൻ താണ്ടാനുണ്ടല്ലോ.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(24-5-2018)

വചനവിചാരങ്ങള്‍ 100

വചനം: നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്. (മര്‍ക്കോസ് 9, 40)

വിചാരം:
നിന്റെ ഹൃദയം ഇനിയും സ്വന്തമാകാത്തതിനാലാണ്‌,  ഒപ്പം ചേരാത്തവനെ ഞാൻ ഇപ്പോഴും ശത്രുവായി കാണുന്നത്‌. പരിഭവവുമായി നിന്റെ ചാരേ എത്തുമ്പോഴാകട്ടെ, ഒരു പുഞ്ചിരി കൊണ്ടെന്നെ ശാസിച്ച്‌, അവനും നമുക്കൊപ്പമെന്ന് ഉറപ്പും നൽകി പറഞ്ഞയക്കുന്നു. അവന്റെ അടുത്തേക്ക്‌ തിരികെ നടക്കുമ്പോൾ, നിന്നിൽ നിന്ന് ഇനിയും എത്ര കാതം അകലെയാണെന്ന തിരിച്ചറിവിൽ ഞാൻ ലജ്ജിതനാകുന്നു.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(23-5-2018)

വചനവിചാരങ്ങള്‍ 99

വചനം:
തങ്ങളില്‍ ആരാണ് വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. (മര്‍ക്കോസ് 9, 34)

വിചാരം:
ആദ്യ പന്തിയുടെ മുൻനിരയിൽ തന്നെ പരിചരിക്കപ്പെടാനുള്ള വ്യഗ്രതയിൽ നിന്ന്, എല്ലാവർക്കും വിളമ്പിയൂട്ടി, ഒടുവിൽ അവസാന പന്തിയിൽ സ്വയം വിളമ്പി ഭക്ഷിക്കുന്ന നിന്റെ ശൈലിയിലേക്കും, സ്വയംമതിപ്പുകളുടെയും ഗർവ്വുകളുടെയും ലോകത്തു നിന്ന്‌, ചുറ്റിനും പുതുമയും വലിമയും കാണുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കും ചുവടുമാറ്റാൻ എന്നോട്‌ നീ ഇപ്പോഴും മന്ത്രിക്കുമ്പോൾ, ഇത്ര നാൾ വച്ച ചുവടുകളൊക്കെ തെറ്റിപ്പോയത്‌ തിരിച്ചറിയുന്നു ഞാൻ. സ്നേഹമേ, മാപ്പേകുക.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(22-5-2018)

വചനവിചാരങ്ങള്‍ 98

വചനം:
ഇതാ നിന്റെ അമ്മ. (യോഹന്നാന്‍ 19, 22)

വിചാരം:
വിണ്ണിനും മണ്ണിനും ഇടയിലൊരു പച്ചമരത്തിൽ തൂങ്ങിയാടി, ചങ്കു പൊട്ടുന്ന വേദനക്കിടയിലും ഒടുവിലെ ശ്വാസമണയും മുൻപേ, നീ എനിക്കായി വെച്ചു നീട്ടിയ സമ്മാനം. നെഞ്ചു പിളരുന്ന സഹനങ്ങൾക്കിടയിൽ തളർന്ന കണ്ണുകളോടെ അവളെ ഞാൻ നോക്കുമ്പോൾ, അവൾ പൊഴിക്കുന്നൊരു പുഞ്ചിരിയിൽ നിന്റെ ശക്തി എന്നെ തേടിയെത്താറുണ്ട്‌. നന്ദി, നിനക്കും നിന്റെയും എന്റെയും അമ്മക്കും!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(Feast of Mary, Mother of the Church, 21-5-2018)

വചനവിചാരങ്ങള്‍ 97

വചനം:
സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും (യോഹന്നാന്‍ 16, 13)

വിചാരം:
സത്യത്തിലേക്ക് നീ വെട്ടിത്തുറന്ന പാതയിലൂടെ എന്നെ കൈപിടിച്ചുനടത്താന്‍ ഒരുവനെ എനിക്കു നീ കൂട്ടിനു തന്നു. അവൻ ഓതുന്ന മന്ത്രണങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ എപ്പോഴും എനിക്ക്  കഴിയാതെ പോകുന്നതു തന്നെയാണ് എന്റെ ഇടര്‍ച്ചകള്‍ക്ക് കാരണം. ഇടറുന്ന ചുവടുകളില്‍ താങ്ങായി മാറുന്ന നിന്റെ കരുണയാകട്ടെ എന്റെ മിഴികളെ ഇടയ്ക്കിടെ ഈറനണിയിക്കുന്നു.

പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളില്‍!!!
(പെന്തക്കുസ്താ തിരുനാള്‍, 20-5-2018)

വചനവിചാരങ്ങള്‍ 96

വചനം:
പത്രോസ് യേശുവിനോട് ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യം എന്താണ്?

വിചാരം:
എണ്ണമറ്റ ഇടർച്ചകൾക്കുശേഷവും തിരികെ അനുധാവനപന്ഥാവിൽ വീണ്ടും നിനക്കവൻ ഇടം ഒരുക്കുമ്പോൾ, തിരിഞ്ഞുനോട്ടങ്ങൾക്കൊരുങ്ങാതെ, ഒരിക്കലും ഇടറാത്തവനെക്കുറിച്ച്‌ ആകുലപ്പെടാതെ, നിന്റെ പാദങ്ങൾ ഇനിയൊരിക്കൽകൂടി ഇടറാതിരിക്കാൻ ഗുരുവിൽ മാത്രം ദൃഷ്ടിയുറപ്പിക്കുക.
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(19-5-2018)

വചനവിചാരങ്ങള്‍ 95

ദൗർബല്യങ്ങളുടെ ശൈത്യത്തിൽ മരവിച്ച മിഴികളും ഹൃദയവും നിന്നിലേക്കുയർത്തുമ്പോൾ, ഞാൻ കാണുന്നത്‌ സ്നേഹവും കരുണയും എരിയുന്ന, അണയാത്തൊരു നെരിപ്പോട്‌. എന്നെ അറിയുന്ന, എല്ലാമറിയുന്ന നിന്നോടൊപ്പം തീ കാഞ്ഞിരിക്കുമ്പോൾ, ചങ്കിൽ തറയുന്ന മൂന്നാം ചോദ്യത്തിന്‌ ഒരു നിലവിളി മാത്രമാണെന്റെ ഉത്തരം.

പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(18-5-2018)

വചനവിചാരങ്ങള്‍ 94

ഞാൻ എന്നിൽ തന്നെ വിഭജിക്കപ്പെട്ടിരിക്കുന്നവൻ...
നിന്നോടും ഉടപ്പിറപ്പുകളോടും എന്നോടുതന്നെയും ഞാൻ ഒന്നാവണമെന്ന് നിന്റെ ആഗ്രഹം.  ഒന്നാവുക എന്നാൽ സ്നേഹം മാത്രമാവുക എന്ന് നീ കൂടെക്കൂടെ ചെവിയിലോതുന്നു.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(17-5-2018)

വചനവിചാരങ്ങള്‍ 93

നീ കരുണ മാത്രമായതിനാൽ എന്നോട്‌ ഒന്നാവാൻ നിനക്കെളുപ്പമാണ്‌. കരുണയും ക്ഷമയും തൊട്ടുതീണ്ടിയിട്ടില്ലാത്ത എന്നോട്‌ നീ പറയുന്നു, അവനോടും അവളോടും ഒന്നാവാന്‍; നിന്റെ ഹൃദയം തന്നെ വച്ചു തരേണ്ടി വരും!
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(16-5-2018)

വചനവിചാരങ്ങള്‍ 92

മനവും മിഴികളും ഒരുപോലെ ഉയരങ്ങളിൽ പ്രതിഷ്ഠിക്കാൻ എനിക്ക്‌ കഴിയുമ്പോൾ എന്നെ മഹത്വപ്പെടുത്താൻ അവൻ മനസ്സാവുന്നു. ആ നിമിഷങ്ങളിൽ മാത്രം ഞാൻ അവനെ അറിയുന്നു. അതുമാത്രമാണ്‌ നിലച്ചുപോകാത്ത ജീവൻ!
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(15-5-2018)

വചനവിചാരങ്ങള്‍ 91

ഹൃദയം അറിയുന്നവന്റെ ഹിതം തേടി, ജീവിതവഴിയേ നീ നടത്തുന്ന തിരഞ്ഞെടുപ്പുകൾ അവന്റേതു തന്നെയായി മാറും. ഫലമണിയുംവരെ നിന്റെ തീരുമാനങ്ങളിൽ അവൻ കൂട്ടിനെത്തും!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(14-5-2018)

വചനവിചാരങ്ങള്‍ 90

വലിയ ലോകം മുഴുവൻ സ്നേഹഗീതി പാടാൻ അവൻ നിയോഗം നൽകിയത്‌ വെറും പതിനൊന്നുപേർക്ക്‌. വലിയ നിയോഗം പൂർത്തീകരിക്കാൻ നിന്നിലെ അല്പത്തെയാണ്‌ അവൻ എടുത്തുപയോഗിക്കുന്നതെന്നു തിരിച്ചറിയുക! വിനീതനാ(യാ)വുക
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(13-5-2018)

വചനവിചാരങ്ങള്‍ 89

തിരുമുൻപിലണയുമ്പോൾ ഞാൻ സമർപ്പിക്കുന്ന യാചനപ്പട്ടികയിൽ ഇടം പിടിക്കുന്നതെപ്പോഴും എന്റെ സ്വാർത്ഥത കണ്ടെത്തുന്ന കാര്യങ്ങൾ മാത്രം.  നീ നൽകുന്ന ആനന്ദം പൂർണ്ണമാക്കാൻ ആവശ്യമുള്ളത്‌ മാത്രം നിന്നോട്‌ ചോദിക്കാൻ എനിക്കിടയാവട്ടെ!

പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(12-5-2018)

വചനവിചാരങ്ങള്‍ 88

നിലയ്ക്കാത്ത ആനന്ദത്തിലേക്കുള്ള ക്ഷണക്കത്ത്‌ ഏൽപിച്ചിട്ട്‌, നീ മുടന്തി നീങ്ങുന്ന സഹനവഴിയുടെ അങ്ങേയറ്റത്ത്‌ നിന്റെ വരവും കാത്തിരിക്കുന്നുണ്ട്‌ കുരിശിൽ നിന്നിറങ്ങിയ ഒരുവൻ!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(11-5-2018)

വചനവിചാരങ്ങള്‍ 87

നിന്റെ കാഴ്ചയിൽ നിന്നും അവനെ നീ ഒഴിച്ചു നിർത്തുമ്പോൾ സങ്കടങ്ങൾ നിന്റെ നെഞ്ചിൽ തളം കെട്ടുന്നു. ‌അവന്റെ കാഴ്ചവെട്ടത്തു നിന്നും നീ ഒരിക്കലും ഒഴിയുന്നില്ല എന്ന വിചാരം സന്താപത്തിൽ നിന്നു സന്തോഷത്തിലേക്കുള്ള വഴിത്താര തുറക്കും. ഓർക്കുക: കാത്തിരിപ്പിന്റെ ദൈർഘ്യം രണ്ടു ദിനരാത്രങ്ങളുടേത്‌ മാത്രം; മൂന്നാം ദിനം വീണ്ടെടുപ്പിന്റെ ആനന്ദത്തിന്റേതാണ്‌. പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(10-5-2018)

വചനവിചാരങ്ങള്‍ 86

എന്റെ കാഴ്ച പരിമിതമാണ്‌. അതിനാൽ, എന്റെ വിധിത്തീർപ്പുകൾ അപൂർണ്ണങ്ങളും. ആത്മത്തിന്റെ സഖാ, സത്യത്തിലേക്ക്‌ മാത്രം മിഴി നട്ടിരിക്കുന്ന ഉടയവന്റെ കാഴ്ചവെട്ടം നീ എനിക്ക്‌ കനിഞ്ഞേകിയാലും! അപ്പോൾ എന്റെ വിധിത്തീർപ്പുകൾ ന്യായപൂർണ്ണമാവും!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(9-5-2018)

വചനവിചാരങ്ങള്‍ 85

തിരക്കിട്ട ദൗത്യയാത്രക്കിടെ ഇടക്കൊക്കെ ഒരു പിൻവാങ്ങൽ അനിവാര്യമാണ്‌, ദൗത്യദായകന്റെ അടുക്കലേക്ക്‌ ഒരു മടക്കം. നിരന്തരം കൂടെ നടക്കുന്ന ദിവ്യസൗഹൃദവും നവ ബോധ്യങ്ങളും നിന്നിലുരുവാകുന്നതും വളരുന്നതും അവന്റെ പക്കൽ മാത്രമാണ്‌‌.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(8-5-2018)

വചനവിചാരങ്ങള്‍ 84

പ്രാർത്ഥനാവേളയിൽ നെടുവീർപ്പുകളായി, കരയുന്ന നേരങ്ങളിൽ ആശ്വാസമായി, പതറുന്ന ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉത്തരമായി, ഇടറുന്ന നിമിഷങ്ങളിൽ ഉറച്ച ചുവടുകളായി, ഉള്ളറിഞ്ഞു കൂടെ നടക്കാൻ കൂട്ടിനൊരുവനെ തന്ന സ്നേഹമേ, ആത്മത്തിന്റെ ആ സന്തത സഹചാരിക്ക്‌ നിരന്തരം കാതോർക്കുവാൻ കൃപയരുളേണമേ! ആമേൻ.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(7-5-2018)

വചനവിചാരങ്ങള്‍ 83

നിന്നെയും എന്നെ സ്നേഹിക്കുന്നവരെയും സ്നേഹിക്കാൻ എനിക്ക്‌ എന്തെളുപ്പമാണെന്നോ! സ്നേഹം തരുന്നവരെ മാത്രം സ്നേഹിക്കുന്നത്‌ നിന്റെ സ്നേഹമല്ലെന്നു നീ. മുറിവുകളേകുന്നവരെക്കൂടി സ്നേഹിക്കാൻ, നിന്റേതു പോലൊരു, അല്ല, നിന്റെ ഹൃദയം തന്നെ എനിക്ക്‌ തരുമോ?
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(6-5-2018)

വചനവിചാരങ്ങള്‍ 82

വെറുക്കപ്പെടുന്ന ജീവിത ശൈലിയിലേക്കാണ്‌ ഗുരു നിന്നെ വിളിച്ചിരിക്കുന്നത്‌. തളരാതിരിക്കാൻ നെഞ്ചിൽ ഒന്നു മാത്രം മതി, അവനോടുള്ള സ്നേഹം. ലോകം വെറുത്താലും ഗുരു സ്നേഹിക്കുന്നതിനാൽ നീ ആരെ ഭയപ്പെടേണം?
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(5-5-2018)

വചനവിചാരങ്ങള്‍ 81

നീ ദൈവത്തിന്റെ കൂട്ടുകാരൻ/കൂട്ടുകാരി ആണ്‌. ഇതിനോളം പുണ്യപ്പെട്ട ചൊല്ലൊന്നും ഈ ഭൂമിയിൽ നീ കേൾക്കാനില്ല. കുറവുകളുടെ കൂമ്പാരത്തോടാണ്‌ അവൻ ഇതു പറയുന്നതെന്നോർക്കുമ്പോൾ ചങ്കിൽ ഒരു നനവ്‌!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(4-5-2018)

വചനവിചാരങ്ങള്‍ 80

അൾത്താരയിൽ മാത്രം നിന്റെ മുഖം ഞാൻ തിരയുമ്പോൾ നീ എന്നോട്‌ പറയുന്നു, പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ, കണ്ണീർചാലുകൾ വീണ പെണ്ണിന്റെ, തോറ്റുപോയവരുടെ, കാലവും രോഗവും വടുക്കൾ വീഴ്ത്തിയവരുടെ, ചെളി പുരണ്ടവരുടെ മുഖവും നിന്റേതു തന്നെയെന്ന്. നിന്റെ കാഴ്ച വെട്ടം എന്റെ മിഴികളിൽ ഒന്നു ചാർത്തി തരേണമേ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(3-5-2018)

വചനവിചാരങ്ങള്‍ 79

ഹൃദയമിപ്പോഴും ഊഷരമായി തുടരുമ്പോൾ തിരിച്ചറിയുന്നു, നിന്നിൽനിന്നു കാതങ്ങൾ അകലെയാണ്‌‌ ഞാൻ. തനിയേ ഒരു മടക്കയാത്രക്ക്‌ കെല്പില്ല താനും. കൈ നീട്ടുക, തോളിലേറ്റുക! നിന്നോടൊപ്പം കിളച്ചൊരുക്കങ്ങളുടെയും വെട്ടിയൊരുക്കങ്ങളുടെയും ഋതുകാലത്തിലേക്ക്‌ ഞാൻ നടന്നടുക്കട്ടെ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(2-5-2018)

വചനവിചാരങ്ങള്‍ 78

തളർത്തുന്ന ചില ചോദ്യശരങ്ങൾക്കിടയിൽ എനിക്കെപ്പോഴും നിന്നെ ഓർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! അവമതിക്കപ്പെടുന്ന അഭിപ്രായങ്ങൾക്കിടയിലും നിന്നെപ്പോലെ സമചിത്തനായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(1-5-2018)

വചനവിചാരങ്ങള്‍ 77

നിന്നെ സ്നേഹിക്കുന്നു എന്നത്‌ ചുണ്ടുകളുടെ ചിലമ്പൽ മാത്രമാവുമ്പോൾ നിന്റെ പ്രമാണങ്ങൾ ഹൃദയത്തിലേക്കിറങ്ങാതെ ചെവികളിൽ മുഴക്കം മാത്രമാവുന്നു. ഹൃദയമാകട്ടെ പൊടിപടലങ്ങളാൽ വീർപ്പുമുട്ടുന്നു. കാരുണ്യമേ, എന്റെ ക്ഷണം കാത്തിരിക്കാതെ വന്നൊന്നു വൃത്തിയാക്കുക, എന്നിട്ട്‌ വാസമാവുക!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(30-4-2018)

വചനവിചാരങ്ങള്‍ 76

നിന്നോട്‌ ചേർന്നുനിൽക്കുമ്പോൾ മാത്രമാണ്‌‌ ഞാൻ തളിരിടുന്നത്‌. നിന്നിൽ നിന്നടർന്നു പോകുമ്പോഴൊക്കെ ഞാൻ ഉണങ്ങി പോകുന്നു. ജീവന്റെ തണ്ടേ, ഒരിക്കലും അടരാനാവാത്ത വിധം എന്നെ നിന്നോട്‌ ഒട്ടിച്ചുചേർത്താലും!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(29-4-2018)

വചനവിചാരങ്ങള്‍ 75

സ്നേഹമായി, കരുണയായി രാപകൽ നീ കൂടെ നടക്കുന്നു. എന്നിട്ടും നിന്നെ തിരിച്ചറിയാതെ പോകുന്നത്‌ എന്റെ പരാജയം. തിരിച്ചറിവിലേക്ക്‌ എന്റെ ഹൃദയത്തിന്റെ മിഴികൾ തുറക്കണമേ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(28-4-2018)

വചനവിചാരങ്ങള്‍ 74

അവനെ ഉപേക്ഷിച്ചു തനിയെ സഞ്ചരിക്കുമ്പോഴാണ്‌ അസ്വസ്ഥതകൾ എന്റെ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്നത്‌. അവിശ്വസ്തതയുടെ ആ നിമിഷങ്ങളിൽപോലും തിരികെ നടക്കേണ്ട വഴിയായി അവൻ എനിക്ക്‌ മുന്നിൽ തെളിയുന്നു.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(27-4-2018)

വചനവിചാരങ്ങള്‍ 73

സ്വീകരിക്കപ്പെടണം എന്നുള്ള വാഞ്ഛയേക്കാൾ, നിന്റെ പേരിൽ ചെറിയവനെപ്പോലും സ്വീകരിക്കാൻ ഉള്ള ഹൃദയമാണ്‌ എന്നിൽ രൂപപ്പെടേണ്ടത്‌. വലിയവനെന്ന ഭാവം ഉള്ളിൽ നിലകൊള്ളുന്നതിനാൽ അതെനിക്ക്‌ കഴിയാതെ പോകുന്നു. എളിമയുടെ പരംഭാവമേ, ക്ഷമയേകുക!
 
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(26-4-2018)

വചനവിചാരങ്ങള്‍ 72

നിയോഗം ലഭിച്ചതിനുശേഷവും പലവുരു സംഭവിക്കേണ്ട പുറപ്പാടുകളുടേതാണ്‌ സദ്വാർത്ത ഓതാനുള്ള വിളിജീവിതം. സ്വേച്ഛകളിൽ നിന്നും അവന്റെ ഇഷ്ടങ്ങളിലേക്കുള്ള പുറപ്പാടുകൾ! അപ്പോൾ നിന്റെ വാക്കിൽ, ചെയ്തിയിൽ അവന്റെ കരസ്പർശം ഉണ്ടാകും.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(25-4-2018)

വചനവിചാരങ്ങള്‍ 71

എത്ര കാതം ഞാൻ അകന്നുപോയാലും നിന്റെ സ്നേഹമൂറുന്ന സ്വരവീചികൾ എന്റെ കാതുകളെ തേടിയെത്തുന്നു. തിരികെ നടക്കാൻ അവ എനിക്ക്‌ വഴി തെളിക്കുന്നു. അഴുക്കു പുരണ്ടു തിരികെയെത്തുമ്പോഴും നീ എന്നെ തിരിച്ചറിയുന്നു. കരുണയേ, നന്ദി!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(24-4-2018)

വചനവിചാരങ്ങള്‍ 70

നസ്രായൻ നിന്റെ ഹൃദയത്തിന്റെ/ജീവിതത്തിന്റെ വാതിലായി മാറട്ടെ! ആ കതകിലൂടെ തിന്മ ഒന്നും പ്രവേശിക്കില്ല; പുറത്തേക്ക്‌ പോകുന്നതോ നന്മ മാത്രമാവും.
പുണ്യം പൂവിടുന്നൊരു രാവ്‌!!!
(23-4-2018)

വചനവിചാരങ്ങള്‍ 69

ചിലപ്പോഴെങ്കിലും മേച്ചിൽപ്പുറം വിട്ടുപോകുന്ന, കൂട്ടം തെറ്റുന്ന ആടുകളുടെ കൂട്ടത്തിലാവാം നീ. ഉള്ളിലപ്പോഴും ഇടയനായുള്ള ഒരു നുള്ള്‌ സ്നേഹം നിലനിൽക്കുന്നുവെങ്കിൽ, അവൻ നിന്നെ തേടിയെത്തും; അവന്റെ തോളിലെ ചൂടുപറ്റാൻ നിനക്ക്‌ ഭാഗ്യം ഉണ്ടാവും.
പുണ്യം പൂവിടുന്നൊരു രാവ്‌!!!
(22-4-2018)

വചനവിചാരങ്ങള്‍ 68

ക്ഷണികതകളിലേക്ക്‌ മടങ്ങാൻ മനസ്സ്‌ വെമ്പുന്ന നിമിഷങ്ങളിലും നിത്യതയിലേക്ക്‌ നയിക്കുന്ന നിന്റെ വചസ്സുകൾ എന്നെ പിടിച്ചു നിർത്തുന്നു. വഴി തെറ്റുന്ന നിമിഷങ്ങളിലാകട്ടെ, തിരികെ നടക്കാൻ വഴി കാട്ടിയാവുന്നു. ജീവന്റെ വചന വിരുന്നൊരുക്കുന്നവനേ, നന്ദി!!!
പുണ്യം പൂവിടുന്നൊരു രാവ്‌!!!
(21-4-2018)

വചനവിചാരങ്ങള്‍ 67

അവിശ്വസ്തതയുടെ, വാഗ്ദാനലംഘനങ്ങളുടെ, ബലഹീനതകളുടെ കൂമ്പാരമായ എന്നിൽ നീ ഒരു കൂടൊരുക്കി പാർക്കുന്നതും, നിന്റെ നെഞ്ചിൽ എനിക്കായിടം ഒരുക്കുന്നതും‌ എന്നെ തീർത്തും അത്ഭുതപ്പെടുത്തുന്നു. ‌കാരുണ്യമേ, നന്ദി...!!!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(20-4-2018)

വചനവിചാരങ്ങള്‍ 66

നശ്വരങ്ങളിൽ മിഴികൾ ഉടക്കുന്നവനാണ്‌ ഞാൻ എന്നറിഞ്ഞിട്ടും നീ എന്നെ അമർത്ത്യതയിലേക്ക് ക്ഷണിക്കുന്നു‌. അനന്തതയിലേക്കുള്ള യാത്രയിൽ എന്റെ ബലഹീനതകൾക്കുംമേൽ ബലം പകരാൻ അപ്പമായി നീ കൂട്ടെത്തുന്നു. സ്നേഹമേ, നന്ദി!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(19-4-2018)

വചനവിചാരങ്ങള്‍ 65

നിന്റെ ഇഷ്ടം നിറവേറ്റണമെന്ന എന്റെ ആഗ്രഹത്തെ പോലും എന്റെ ഇഷ്ടങ്ങൾ ഞെരുക്കികളയുന്നു; നിന്റെ നിയോഗ വഴികളിൽ നിന്നെന്നെ വ്യതിചലിപ്പിക്കുന്നു. സ്നേഹമേ, നിന്റെ ഇഷ്ടങ്ങളിലേക്കുള്ള മടക്കയാത്രയിൽ എനിക്കായി കൃപയുടെ കുട ചൂടണമേ.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(18-4-2018)

വചനവിചാരങ്ങള്‍ 64

ശൂന്യത ഓരിയിടുന്ന, തകർച്ചകളുടെ താഴ്‌വാരങ്ങളിലാവാം, ഒരുപക്ഷേ, നീ ഇപ്പോൾ; മരണം പോലും മുന്നിൽ കാണുന്ന നിമിഷങ്ങളിലാവാം. അപ്പോഴും, നിന്നിലേക്ക്‌ മിഴി തുറന്നിരിക്കുന്ന സ്വർഗ്ഗമുണ്ട്‌  ഉയരങ്ങളിൽ. അവിടേക്കാവണം നിന്റെയും ദൃഷ്ടി. ജീവന്റെ ഉടയവനെ അതിനായി ഉള്ളിൽ കരുതുക.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(17-4-2018)

വചനവിചാരങ്ങള്‍ 63

അന്നമേകുന്നവൻ എന്ന പേരിലല്ല, കാര്യനിർവ്വാഹകൻ എന്ന മട്ടിലുമല്ല ക്രിസ്തുവിനെ ഞാൻ തിരയേണ്ടത്‌; മറിച്ച്‌, അൻപും അലിവുമേകുന്നവൻ എന്ന പേരിലാവണം; അവൻ എന്നിൽ നിറയണം എന്ന കൊതിയോടെ ആവണം.
പുണ്യം പൂവിടുന്നൊരു രാവ്‌!!!
(16-4-2018)

വചനവിചാരങ്ങള്‍ 62

ഹൃദയം കലങ്ങിമറിഞ്ഞിരിക്കുമ്പോഴും പ്രതീക്ഷകളുടെ തിരി കെട്ടിരിക്കുമ്പോഴും അവനെക്കുറിച്ചു മാത്രം സംസാരിക്കുക. പുഞ്ചിരി തൂകുന്ന ചങ്ങാതിയായി, ഇരുളിനെ വിഴുങ്ങുന്ന വെട്ടമായി, ശാന്തിമന്ത്രവുമായി നിന്നെ തേടി ആ വേളകളിൽ ഉത്ഥിതനെത്തും.
പുണ്യം പൂവിടുന്നൊരു സായംകാലം!!!
(15-4-2018)

വചനവിചാരങ്ങള്‍ 61

നിന്നെ വിട്ടു പോകുമ്പോൾ ചുറ്റിനും ഇരുട്ടേറുന്നു‌; ജീവിതവഞ്ചി ഭയാനകമായി ഉലയുകയും ചെയ്യുന്നു. ഉപേക്ഷിച്ചു കളയാൻ ഒട്ടും മനസ്സില്ലാത്തതിനാൽ നീയാകട്ടെ എന്നെ തേടി വരുന്നു; ദ്രവിച്ചു തുടങ്ങിയ എന്റെ വഞ്ചിയിൽ നിനക്കൊരു ഇടം ഒരുക്കാൻ മനസ്സുവെയ്ക്കുമ്പൊഴേ ശാന്തമായി ഞാൻ ലക്ഷ്യമണയും. സ്നേഹമേ, നന്ദി!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(14-4-2018)

വചനവിചാരങ്ങള്‍ 60

സുവിശേഷത്തിലെ പേരില്ലാ ബാലനെ നിന്റെ പേരുചേർത്തു വിളിക്കുക. വിരലിൽ എണ്ണാവുന്നതേ കൈയിൽ ഉള്ളൂവെങ്കിലും ഹൃദയം ചേർത്തു പങ്കിടുക... എണ്ണാവുന്നതിനപ്പുറം പെരുക്കുന്നത്‌ കാണാം നിനക്കുള്ളത്.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
 (13-4-2018)

വചനവിചാരങ്ങള്‍ 59

ഇതാണ് യഥാർത്ഥത്തിൽ ‌ നിനക്കു മുന്നിലുള്ള വെല്ലുവിളി: ദേഹംകൊണ്ടു മണ്ണിലായിരിക്കുമ്പോഴും ഹൃദയംകൊണ്ടു വിണ്ണിലാവുക. വിണ്ണിറങ്ങിവന്നവന്റെ പുണ്യസ്പർശ്ശം മണ്ണിലുള്ള നിനക്ക്‌ തുണയാവട്ടെ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(12-4-2018)

വചനവിചാരങ്ങള്‍ 58

മുന്നിലെപ്പോഴും രണ്ട്‌ വഴികൾ; ഒന്ന് വെട്ടം നിറഞ്ഞതും മറ്റൊന്ന് ഇരുൾ മൂടിയതും. വെട്ടത്തിലേക്ക്‌ നടക്കാൻ മനം കൊതിക്കുമ്പോഴും പാദങ്ങൾ നീങ്ങുന്നത്‌ ഇരുളിലേക്ക്‌. അണയാത്ത വെട്ടമേ, എന്റെ പാദങ്ങൾക്ക്‌ നീ വിളക്കാവുക.
 പുണ്യം പൂവിടുന്നൊരു സായന്തനം!!!
(11-4-2018)

വചനവിചാരങ്ങള്‍ 57

ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളിൽ തളരുമ്പോൾ ഒന്നുമാത്രം ഓർക്കുക: പച്ചമരത്തിൽ കൈകൾ വിരിച്ചു കിടന്നവനാണ്‌ നിന്റെ ദൈവം. അവനെ മാത്രം നോക്കുക; ശക്തി ആർജ്ജിക്കുക.

പുണ്യം പൂവിടുന്നൊരു സായംകാലം!!!
(10-4-2018)

വചനവിചാരങ്ങള്‍ 56

വിളി നല്കുന്നത്‌ ഉറപ്പുകളുടെ ശാന്തതയേക്കാൾ സന്ദേഹങ്ങളുടെ അസ്വസ്ഥതകളാണ്‌. ഉത്തരങ്ങൾ കണ്മുന്നിൽ നിന്നു മറഞ്ഞിരിക്കുമ്പോഴും "ഇതാ ഞാൻ" എന്നു വാക്ക്‌ കൊടുക്കാൻ കഴിയണമെന്നതാണ്‌ നിന്റെ മുന്നിലെ വെല്ലുവിളി.
പുണ്യം പൂവിടുന്നൊരു സായംകാലം!!!
(9-4-2018)

വചനവിചാരങ്ങള്‍ 55

തോമസ്‌, നിനക്ക് നന്ദി: ചെറുതും വലുതുമായ ശാഠ്യങ്ങൾക്ക്‌ കീഴ്‌വഴങ്ങുന്ന
ദൈവത്തെ എനിക്ക്‌ പരിചയപ്പെടുത്തിതന്നതിന്; നിയോഗ വഴികളിൽ ഉരുവിടാൻ ആഴമുള്ള ജപം ഓതിത്തന്നതിന്‌. നിന്നോടൊപ്പം ഞാനും ഏറ്റുപറയുന്നു: എന്റെ കർത്താവേ, എന്റെ ദൈവമേ.

പുണ്യം പൂവിടുന്നൊരു രാവ്‌!!!
(8-4-18; പുതുഞായര്‍)

വചനവിചാരങ്ങള്‍ 54

ഉത്ഥിതാ, നീ വീണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നു.
വിശ്വാസരാഹിത്യത്തിന്റെയും ഹൃദയകാഠിന്യത്തിന്റെയും ബലഹീനതകളുടെയും ഒരു
കൂമ്പാരമാണ്‌ ഞാനെന്നറിഞ്ഞിട്ടും നിന്റെ നിയോഗവഴികളിലേക്ക്‌ നീയെന്നെ
ക്ഷണിക്കുന്നു. നീ കൂട്ടുവരുമെന്ന ഉറപ്പിന്മേൽ ഞാൻ ഈ വഴി
താണ്ടാനിറങ്ങുന്നു!
പുണ്യം പൂവിടുന്നൊരു രാവ്‌!!!
(7-4-18)

വചനവിചാരങ്ങള്‍ 53

നിന്നെക്കൂടാതെ പ്രയത്നിക്കുമ്പോൾ എന്റെ മീൻകുട്ടകൾ ശൂന്യം; നിന്റെ
വാക്കനുസരിക്കുമ്പോഴോ, നിറസമൃദ്ധിയും. നിന്നെ വിട്ടുപോകുമ്പോൾ ഞാൻ
നഗ്നനാണ്‌; നിന്നിലേക്ക്‌ തിരികെയെത്തുമ്പോഴാകട്ടെ നീ തന്നെയും എന്റെ
വസ്ത്രമാവുന്നു. ‌ദിശ തെറ്റുമ്പോഴൊക്കെ നിന്നെ ചൂണ്ടിക്കാട്ടുന്ന
സൗഹൃദങ്ങൾ എനിക്ക് സമ്മാനിക്കുന്നതിന്‌, ഉത്ഥിതാ, നിനക്ക്‌ നന്ദി!

പുണ്യം പൂവിടുന്നൊരു ദിനം!!!
(6-4-18)

വചനവിചാരങ്ങള്‍ 52

നിന്റെ സാന്നിദ്ധ്യം പോലും തിരിച്ചറിയാനാവാത്തവിധം ഹൃദയം ചുരുങ്ങുന്ന
വേളകളാണേറെയും. ചെവിയിൽ നീ  ശാന്തിദൂതുകളോതുന്നെങ്കിലും ബാക്കിയാവുന്നത്‌
അസ്വസ്ഥതകളും ചോദ്യചിഹ്നങ്ങളും. എന്നിട്ടും നീയാകട്ടെ, എന്നെ
വീണ്ടെടുക്കാന്‍ ക്ഷമയോടെ കൂട്ടിരിക്കുന്നു; തളരാതെ പ്രയത്നം തുടരുന്നു.
അടഞ്ഞുപോകുന്ന ഹൃദയവാതില്‍ നിനക്കുവേണ്ടി തുറന്നിടാൻ, ഉത്ഥിതാ, കനിയണമേ.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(5-4-18)

വചനവിചാരങ്ങള്‍ 51

നിയോഗ വഴിയിലുയരുന്ന സമസ്യകൾക്കു മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുന്ന ഞാൻ
ദിശമാറി സഞ്ചരിച്ചു തുടങ്ങുമ്പോഴൊക്കെ നീ സ്നേഹമായി ഓടിയെത്തുന്നു; കൂടെ
നടക്കുന്നു; വേദമോതുന്നു; വഴക്കുപറയുന്നു; ഒടുവിൽ നിന്നെത്തന്നെ അന്നമായി
ഊട്ടി എന്നിൽ ഒരു വെട്ടമായി തെളിഞ്ഞിട്ട്‌ കണ്മുന്നിൽ നിന്നു മറയുന്നു.
ഉത്ഥിതാ, നിന്നോളം വലിയ സ്നേഹിതൻ മറ്റാരുമില്ല.
പുണ്യം പൂവിടുന്നൊരു ദിനം!!!
(4-4-18)

വചനവിചാരങ്ങള്‍ 50

നുറുങ്ങിയ നെഞ്ചകവും ഒഴുകുന്ന മിഴികളും ഉള്ളിൽ ഒടുങ്ങാത്ത സ്നേഹവുമായി
കാത്തിരിപ്പു തുടരുമ്പോൾ വിസ്മയകരമായ വെട്ടം നിന്നെ തേടിയെത്തും.
വെളിപാടുകളുടെയും നിയോഗങ്ങളുടെയും പുതുവഴികളിലേക്ക്‌ ഉത്ഥിതൻ നിന്നെ പേരു
ചൊല്ലി വിളിക്കും.
പുണ്യം പൂവിടുന്നൊരു ദിനം!!!
(3-4-18)

വചനവിചാരങ്ങള്‍ 49

ജീവിതം ഭയപ്പാടുകളുടെ മുറികളിൽ നിന്നെ അടച്ചിടുമ്പോഴൊക്കെ, ആകസ്മികമായി
അവൻ നിന്നെ തേടിയെത്തുന്നു. "ഭയപ്പെടേണ്ട" എന്നു നിന്റെ ഹൃദയത്തോട്‌
മന്ത്രിക്കുന്നു. ആനന്ദത്തിന്റെ വഴികളിൽ അവന്റെ കരം പിടിച്ചുനടക്കാൻ
വാതിൽ ഉത്ഥിതനായി മലർക്കെ തുറക്കുക! പുണ്യം നിറഞ്ഞൊരു രാവ്‌!!! (2-4-18)

ഉയിര്‍പ്പു വിചാരങ്ങള്‍: ജീവന്റെ തോട്ടത്തിലേക്ക് (റേഡിയോ പ്രഭാഷണം)


ജീവന്റെ തോട്ടത്തിലേക്ക്
ഇരുള്‍ വീണു തുടങ്ങിയ ഒരു സന്ധ്യയില്‍ ശവക്കല്ലറകളുടെ ഇടയില്‍ നിന്ന് ക്രിസ്തു കണ്ടെത്തിയ ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണാണ് ഞാന്‍. ജനിച്ചുവളര്‍ന്ന നാടിന്റെ പേര് സ്വന്തം പേരിന്റെ വാലറ്റം ആയി സുവിശേഷകന്‍ ചേര്‍ത്തത്കൊണ്ട് ഗുരുവിന്‍റെ വിളിക്കും മുമ്പേ പിഴച്ചു ജീവിച്ചവള്‍ എന്ന് നിങ്ങളൊക്കെ തെറ്റിദ്ധരിക്കുന്നവള്‍. നിങ്ങളോടെനിക്ക് പരിഭവമൊന്നും ഇല്ലാ കേട്ടോ. കാരണം മാഗ്ദല എന്നും പാപത്തിന്റെ നാടായിരുന്നു, അവന്റെ പാദസ്പര്‍ശമേല്ക്കും വരെ. സന്മാര്‍ഗത്തിന്റെയും സദാചാരത്തിന്റെയും മേലങ്കികളും  പുറംകുപ്പായങ്ങളും അഴിഞ്ഞു വീഴാന്‍ ഇരുളിടങ്ങള്‍ ഒരുക്കി വച്ചിരുന്ന ഒരു നാട്. നിങ്ങളില്‍ പലരും കരുതും പോലെ പാപത്തിന്റെ വഴിയരികില്‍ നിന്നല്ല അവനെന്നെ കണ്ടെത്തിയത്. മറിച്ച്, ബന്ധനങ്ങളുടെ ശവപ്പറമ്പില്‍ നിന്നാണ്. സുവിശേഷത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ, ശവക്കല്ലറകള്‍ക്കിടയില്‍ ബന്ധിക്കപ്പെട്ട ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യന്റെ കഥ? ആ കഥ കുറച്ചോന്നുമല്ലല്ലോ നിങ്ങളെ ഭയപ്പെടുത്തുന്നത്. അവനെക്കാള്‍ ഭയാനകമായിരുന്നു എന്റെ അവസ്ഥ. ഏഴു ദുഷ്ടാത്മാക്കള്‍ക്കാണ് എന്റെ മനസ്സും ശരീരവും കൂര തീര്‍ത്തിരുന്നത്. താളം തെറ്റിയ മനസ്സുമായി അലറിവിളിച്ചു നടന്നിരുന്ന എന്നെ ആദ്യമൊക്കെ എന്റെ വീട്ടുകാര്‍ അകത്തളത്തിലെ ഒരു നിലവറയിലിട്ട് പൂട്ടിയിരുന്നു. എന്റെ അട്ടഹാസങ്ങളും ഭാവമാറ്റങ്ങളും കുടുംബത്തിനു മൊത്തത്തില്‍  നാണക്കേട് ചാര്‍ത്തിക്കൊടുത്തു തുടങ്ങിയപ്പോളാണ് മരിച്ചവരുടെ ഇടയിലേക്ക് ഞാന്‍ പറിച്ചുമാറ്റപ്പെട്ടത്. ഗ്രാമത്തിന് പുറത്ത് മരുഭൂമിയുടെ വിജനതയില്‍ ജീര്‍ണിച്ച മൃതദേഹങ്ങളുടെ ദുര്‍ഗന്ധം മരുക്കാറ്റിനൊപ്പം കൂട്ടു വന്നിരുന്ന ഒരു ഗുഹാമുഖത്തില്‍ കൈകളിലും കാലുകളിലും ചങ്ങലക്കിലുക്കവുമായി നാളുകളും മാസങ്ങളും ആണ്ടുകളും ഞാന്‍ തള്ളി നീക്കി. അകലെ മറുദിശയിലുള്ള ഗലീലിക്കടലില്‍ നിന്നും വല്ലപ്പോഴും വീണു കിട്ടുന്ന ശീതക്കാറ്റു മാത്രമായിരുന്നു എന്റെ ഏക ആശ്വാസം. വഴി തെറ്റിയ മനസ്സ് വല്ലപോഴുമൊക്കെ തിരികെ വന്നിരുന്ന നിമിഷങ്ങളില്‍ ഞാന്‍ ഓര്‍ത്തിരുന്നു ജീവിതത്തിന്റെ നഷ്ടമായ പഴയ പൂക്കാലങ്ങളെ. ഇനിയൊരിക്കലും ആ വസന്തകാലത്തേക്ക് ഒരു മടക്കയാത്ര ഉണ്ടാവില്ലെന്ന് ദൈര്‍ഘ്യം തീരെ കുറഞ്ഞ ഇടവേളകളില്‍ ബോധമനസ്സ് എന്നോട് പറയുമായിരുന്നു. പ്രതീക്ഷകളുടെ തിരി നാളങ്ങളൊക്കെ കരിന്തിരി കത്തികെട്ടെന്ന തിരിച്ചറിവ് കൂടുതല്‍ അഗാധമായ നിരാശയിലേക്കാണ് എന്നെ തള്ളിയിട്ടത്. കുറേക്കൂടി അക്രമാസക്തവും ഭ്രാന്തവുമായ ചെയ്തികളിലെക്കും അട്ടഹസങ്ങളിലെക്കും അലമുറകളിലേക്കും ഞാന്‍ കൂപ്പു കുത്തി.
പതിവിലുമേറെ ഭ്രാന്തമായ ആ ദിവസത്തില്‍ എന്റെ അട്ടഹാസങ്ങള്‍ക്ക്‌ ദിഗന്തങ്ങളെ ഭേദിക്കുന്നത്ര ആരവം ഉണ്ടായിരുന്നു. അതു കേട്ടിട്ട് മാത്രം ആവണം കുറച്ചകലെയുള്ള നാട്ടുവഴിയിലൂടെ കടന്നു പോവുകയായിരുന്ന ആ വഴിപോക്കനും കൂട്ടാളികളും ശവങ്ങള്‍ മാത്രം വിരുന്നു വരാറുള്ള ആ വഴി തിരഞ്ഞെടുത്തത്. മരണത്തിന്റെ താഴ്വരയിലേക്ക് ഒരു ശവത്തിന്റെപോലും അകമ്പടിയില്ലാതെ ആദ്യമായി കടന്നു വന്നത് അവനും കൂട്ടരും മാത്രം. ബോധമനസ്സും അബോധമനസ്സും മാറി മാറി എന്നില്‍  തത്തിക്കളിച്ച ആ നിമിഷങ്ങളില്‍ ഞാന് ഭയം മൂലം  ഗുഹാഭിത്തിയുടെ ഉള്ളറകളിലേക്ക് ഉള്‍വലിയാന്‍ ശ്രമിച്ചപ്പോള്‍, അബോധമനസ്സ്, അല്ല ഉള്ളില്‍ കുടികൊണ്ടിരുന്ന ഏഴ് ദുരാത്മാക്കളാകട്ടെ വര്‍ദ്ധിതവീര്യത്തോടെ അവനെ ആക്രമിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. അവനാകട്ടെ ശാന്തതയോടെ അലിവു നിറഞ്ഞ പുഞ്ചിരിയോടെ നിലകൊണ്ടു. കരങ്ങള്‍ നീട്ടി പുറത്തു പോകു എന്ന അരുളിച്ചെയ്തവന്‍റെ വാക്കുകളെ അവഗണിക്കാന്‍ ഉള്ളിലുള്ള ഏഴു ദുഷ്ടാത്മാക്കളും എഴുതവണയിലധികം എന്നെ ഉന്തിയിട്ടു. ഓരോ തവണയും അവന്റെ മുഖത്തെ ശാന്തതയും പുഞ്ചിരിയും കൂടി വന്നു, അവന്റെ വാക്കുകളുടെ ബലവും. മയക്കം വിട്ടുണര്ന്നപ്പോളും സൌമ്യത നിറഞ്ഞ മുഖവുമായി അവന്‍ എന്റെ അരികിലുണ്ടായിരുന്നു. കൂട്ടതിലോരുവന്റെ സഞ്ചിയില്‍ നിന്ന് ഒരു കഷണം അപ്പവും തോല്‍ക്കുടത്തില്‍ നിന്ന് വെള്ളവും തന്നിട്ട്  അവന്‍ എന്നോട് വാക്കുകള്‍ കൊണ്ടല്ലാതെ പറഞ്ഞു: എന്നെ അനുഗമിക്കുക! കണ്‍വെട്ടത്തു നിന്ന് ആട്ടി ഓടിക്കാന്‍ ശ്രമിച്ചിരുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ചിരുന്ന എനിക്ക് അവന്റെ പുഞ്ചിരി നിറഞ്ഞ ക്ഷണം തെല്ലൊന്നുമല്ല അദ്ഭുതമേകിയത്. മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിന്‍റെയും ഭീതി ജനിപ്പിക്കുന്ന അസ്ഥിപഞ്ജരങ്ങളുടെയും മാത്രം കേദാരമായിരുന്ന മരണത്തിന്റെ ആ താഴ്വരയില്‍ നിന്ന് അവന്റെ കരം പിടിച്ചു ഞാന്‍ യാത്ര തുടങ്ങി. പ്രതീക്ഷകളുടെ ആകാശം അപ്പോളേക്കും കിഴക്ക് വെള്ള കീറിയിരുന്നു.
ആ യാത്ര അന്ന് അവസാനിച്ചത് ഗലീലി തടാകത്തിന്റെ മറുകരയിലാണ്. വഴിയിലുടെ നീളം ദാവീദിന്റെ പുത്രാ, നസ്രായന്‍ യേശുവേ എന്നില്‍ കനിയണമേ എന്ന യാചനകള്‍ ഉയര്‍ന്നു കേട്ടപ്പോഴാണ് ഞാന്‍ നടന്നു നീങ്ങുന്നത് ആരുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞത്. ഓരോ വഴിയരികും, ഓരോ പ്രഭാതവും പുതിയ ബോധ്യങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മരണത്തിന്റെ ഓരിയിടലും ശവംതീനി കഴുകന്മാരുടെ കൂകലും മാത്രം കേട്ടുശീലിച്ചിരുന്ന എന്റെ ചെവികള്‍ ജീവന്റെ വചനങ്ങള്‍ ആര്‍ത്തിയോടെ കേള്‍ക്കാന്‍ തുടങ്ങി. ഇരുള്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന എന്റെ മിഴികള്‍ക്ക് മുന്നില്‍ അണയാത്ത ഒരു വെട്ടം ജ്വലിക്കുന്നതു ഞാന്‍ തിരിച്ചറിഞ്ഞു. ഗുരു മൊഴികളും ഗുരു സാന്നിദ്ധ്യവും എന്റെ ഹൃദയത്തില്‍ പ്രതിഷ്ഠയായി. ഒരു പുനര്‍ജനിയുടെ പാത എനിക്കായി അവന്‍ തുറക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് അവന്റെ ഉറ്റവര്‍ എന്റെയും പ്രിയപ്പെട്ടവരായി മാറിയത്; അവന്റെ അമ്മ, പന്ത്രണ്ടു പേര്‍, യാത്രയില്‍ അവനെ അനുഗമിച്ച എന്നെ പോലുള്ള മറ്റു സ്ത്രീകള്‍. വെട്ടം കണ്ടെത്തിയ ഒരു പറ്റമാളുകള്‍. അടയാളങ്ങളും അത്ഭുതങ്ങളും ഹൃദയത്തിന്റെ ആഴങ്ങളെ തൊടുന്ന പ്രബോധനങ്ങളും അവന് സാധാരണ ജനങ്ങളുടെ ഇടയില്‍ വലിയ മതിപ്പും സ്വീകാര്യതയും ആണ് ഉണ്ടാക്കികൊടുത്തത്. അന്ധകാരം നിഴല്‍ വീഴ്ത്തിയ എത്രയെത്ര ജീവിതങ്ങളിലാണന്നോ അവന്‍ പ്രകാശമായി മാറിയത്! വരാനിരിക്കുന്ന മിശിഹാ ഇവന്‍ തന്നെ എന്ന് ഞങ്ങള്‍ അനുയായികളും അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചുറ്റും തടിച്ചു കൂടിയ ജനങ്ങളും ഉറച്ചു വിശ്വസിച്ചു തുടങ്ങിയപ്പോള്‍മുതല്‍ രംഗം മാറിത്തുടങ്ങി. പുരോഹിത ശ്രേഷ്ടരും ജനപ്രമാണികളും ഞങ്ങള്‍ക്ക് ചുറ്റും ശത്രുപാളയങ്ങള്‍ തീര്‍ക്കുന്നത് അവനും ഏറെ വേദനയോടെ ഞങ്ങളും തിരിച്ചറിഞ്ഞു. അവന്‍ പക്ഷെ സൌമ്യന്‍ ആയിരുന്നു. മനുഷ്യപുത്രന്‍ ഏല്പിച്ചു കൊടുക്കപ്പെടാന്‍ പോകുന്നു എന്ന് ഒരു പ്രവചനം കണക്കെ ആവര്‍ത്തിച്ചു പറയുമ്പോഴും അവന്‍റെ മുഖത്ത് കളിയാടിയത് അന്നൊരിക്കല്‍ എന്റെ ആക്രോശങ്ങളുടെ മുന്പില്‍ അവനില്‍ നിറഞ്ഞ അതേ ശാന്തത  തന്നെയെന്നു വിസ്മയത്തോടെയാണ് ഞാന്‍ ശ്രദ്ധിച്ചത്.
തിരുനാളില്‍ പങ്കുകൊള്ളാന്‍ പോകാന്‍ ഞങ്ങളെല്ലാവരും തയ്യാറെടുക്കുമ്പോഴാണ്‌ ഉറ്റ സ്നേഹിതന്‍ ലാസര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഒരു അശനിപാതം കണക്കെ അവന്റെ കാതില്‍ പതിഞ്ഞത്. വളര്‍ത്തുപിതാവ് യൌസെപ്പിന്റെ മരണവാര്‍ത്ത പോലെ ഇതും അവനെ ദുഃഖത്തിലാഴ്ത്തി. ആ മിഴികള്‍ ഒരിക്കല്‍കൂടി നിറഞ്ഞൊഴുകി. ഞങ്ങളാരും അതു കാണാതിരിക്കാന്‍ അവന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു. നെടുവീര്‍പ്പുകള്‍ നിശ്ചയദാര്ഢ്യത്തിനു വഴി മാറിയപ്പോള്‍ ചങ്ങാതിയെ തിരികെ ജീവന്റെ വെളിച്ചത്തിലേക്ക് അവന്‍ കൈപിടിച്ചുകൊണ്ട് വന്നു. ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അതിനാല്‍ ജെറുസലേം ദേവാലയത്തിലേക്കുള്ള അവന്റെ യാത്രയെ ജനക്കൂട്ടം ഓശാന വിളികളോടെ ആണ് എതിരേറ്റത്. പ്രമാണികളുടെയും പുരോഹിതമുഖ്യന്മാരുടെയും അനിഷ്ടം ഏറി എന്ന് പറയേണ്ടതില്ലല്ലോ. പെസഹ ഒരുക്കാന്‍ ഉറ്റ ശിഷ്യരെ പറഞ്ഞു വിട്ടിട്ടു അവന്‍  അസ്വസ്ഥതപ്പെടുന്നത് ഏറെ ഭയത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. അരുതാത്തതെന്തോ ഈ രാത്രിയില്‍ അരങ്ങേറാന്‍ പോകുന്നു എന്ന് മനസ് പറയുന്നുണ്ടായിരുന്നു. ഇല്ല, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണിവന്‍ എന്ന് എത്ര തവണ ആരും കേള്‍ക്കാതെ ഉരുവിട്ടുവെന്നോ ഞാന്‍! പെസഹ ആച്ചരിച്ചതിനിടയില്‍ പന്ത്രണ്ടുപേരുടെ കാലുകളില്‍ വീണു അവ കഴുകി ചുംബിച്ചുകൊണ്ട് ഞാന്‍ സ്നേഹിച്ചത് പോലെ നിങ്ങളും സ്നേഹിക്കണം എന്ന് പറഞ്ഞപ്പോള്‍ അവന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. ആചാരങ്ങള്‍ക്കൊടുവില്‍ തോട്ടത്തിലേക്ക് പോയത് പതിവുപോലെ പ്രാര്‍ഥനക്കാണെന്നേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ. ഒന്ന് മയക്കം പിടിച്ചപ്പോഴാണ് രാത്രിയുടെ നിശബ്ദതയെ തകര്‍ക്കുന്ന ആക്രോശങ്ങള്‍ ഞങ്ങള്‍ സ്ത്രീകള്‍ കേട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാന് മാളികയുടെ മട്ടുപ്പാവില്‍ നിന്ന് എത്തിനോക്കിയപ്പോള്‍ കണ്ടത് ചങ്ക് തകര്‍ക്കുന്ന കാഴ്ച. നന്മ മാത്രം പറഞ്ഞവനെ, നല്ലത് മാത്രം ചെയ്തവനെ അവര്‍ വിലങ്ങണിയിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. പത്രോസ് എവിടെ? എന്റെ കണ്ണുകള്‍ പരതി. ഇല്ല അവിടെങ്ങും ഇല്ല, യോഹന്നാനെയും ശിഷ്യന്മാരിലൊരുവനെ പോലും കാണുന്നില്ലല്ലോ. ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍ എന്ന് ഉരുവിട്ട് വീണ്ടും ധൈര്യം സംഭരിക്കാന്‍ ഞാന്‍ വെറും പാഴ്ശ്രമം നടത്തി. അമ്മയോട് എന്ത് പറയും? ഈ ചോദ്യം എന്നെ ഏറെ അലട്ടുന്നുണ്ടായിരുന്നു. പാവം, ബഹളങ്ങളും ആക്രോശങ്ങളും ഒന്നും കേള്‍ക്കാതെ നല്ല ഉറക്കത്തിലാണ്. വേണ്ട, ഇപ്പോള്‍ അറിയിക്കേണ്ടതില്ല. എണ്ണ വറ്റിതുടങ്ങിയ എന്റെ വിളക്ക് കരിന്തിരി കത്താന്‍ തുടങ്ങി.. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്കൊപ്പം ഏങ്ങലടികള്‍ പുറത്തേക്കു വരാതിരിക്കാന്‍ ഞാന്‍ ഏറെ പാടുപെട്ടു. ആ രാത്രിക്ക് നീളം ഏറെ ആയിരുന്നു. ഒടുവില്‍ നേരം പുലര്‍ന്നിട്ടും സൂര്യന്‍ ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്നത്പോലെ എനിക്ക് തോന്നി.
ഞങ്ങള്‍ എത്തുമ്പോഴേക്കും കഴുമരവും പേറി അവന്‍ അന്ത്യ യാത്ര തുടങ്ങിയിരുന്നു. ഹൃദയഭേദകമായ ആ കാഴ്ച കാണാന്‍ എനിക്കാവുമായിരുന്നില്ല. മരണത്തിന്റെ താഴ്വരയില്‍ നിന്ന് എന്നെ വീണ്ടെടുത്തവന്‍ ഇതാ മരണത്തിലേക്ക് നടന്നടുക്കുന്നു. എന്റെ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതുപോലെ.. പരിഹാസവിളികളുടെ മുഴക്കത്തില്‍ ഞങ്ങളുടെ നിലവിളികള്‍ മുങ്ങിപ്പോയിരുന്നു. എന്റെ ഹൃദയത്തില്‍ ഒരിക്കല്‍ക്കൂടി അനാഥത്വം നിറച്ചുകൊണ്ട് അവന്റെ അന്ത്യമൊഴി, “എല്ലാം പൂര്‍ത്തിയായി”. അമ്മയോടൊപ്പം കുരിശിന്‍ചുവട്ടില്‍ അവന്റെ ചേതനയറ്റ, തകര്‍ക്കപ്പെട്ട ശരീരത്തിലേക്ക് നോക്കി നിന്നപ്പോള്‍ അവന്റെ അന്ത്യമൊഴിക്ക് എന്തോ അര്‍ത്ഥവ്യാപ്തിയുണ്ടെന്നു മനസ്സില്‍ ആരോ പറയുമ്പോലെ. നിയമം പൂര്‍ത്തിയാക്കാന്‍ വന്നവന്‍ ഇവിടെ കുരിശില്‍ ഒടുങ്ങില്ല എന്നൊരു ചിന്ത ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി.  മേഘങ്ങള്‍ ഇരുള്‍ ചൂടി നിന്ന ആ മദ്ധ്യാഹ്നത്തില്‍ അവന്റെ കുരിശില്‍ നിന്ന് ഒരു പ്രകാശം പ്രസരിക്കുന്നത് എന്റെ അകക്കണ്ണ്‍കള്‍ ഒപ്പിയെടുത്തു. കുറച്ചു മുമ്പ് വരെ മാറി നിന്ന ധൈര്യം തിരികെ വന്നത് പോലെ.
നിശബ്ദത തളം കെട്ടി നിന്ന രാത്രി. പിറ്റേന്ന് സാബത്തായതിനാല്‍ സുഗന്ധക്കൂട്ടുകളും തൈലങ്ങളും ഞാന്‍ തയ്യാറാക്കിവെച്ചു. ഭയ ചകിതരായി ചിതറിപ്പോയ ശിഷ്യന്മാരോക്കെ ഇരുളിന്റെ മറ പറ്റി അപ്പോഴേക്കും വീടണഞ്ഞിരുന്നു. ആര്‍ക്കും ഒന്നും തന്നെ മിണ്ടാനില്ലായിരുന്നു. പെട്ടെന്ന് അനാഥരായത് പോലെ.  അമ്മയാകട്ടെ ഒരു ശാന്തത പകരുന്നുണ്ടായിരുന്നു, ഒരു വാക്ക് പോലും ഉരിയാടാതെ. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറും എന്ന ചൊല്ലിന്റെ അര്‍ഥം വീണ്ടും വീണ്ടും ഹൃദയത്തിന്റെ ആഴത്തില്‍ ധ്യാനിച്ചതില്‍ നിന്നാവാം അവള്‍ക്കീ ശാന്തത എന്ന് ഞാന്‍ വിശ്വസിച്ചു. ഞാനാകട്ടെ “അവന്‍ ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍” എന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട്‌ ഉരുവിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉറക്കം വഴി മാറി നിന്ന രണ്ടാം രാത്രിയില്‍ അമ്മയുടെ ശാന്തത എന്നിലേക്കും പടരുന്നതുപോലെ ഒരു തോന്നല്‍. ആ രാത്രിക്ക് ദൈര്‍ഘ്യം തീരെ കുറവാണെന്ന് എനിക്ക് തോന്നി. കിഴക്ക് വെള്ള കീറും മുന്പേ സുഗന്ധക്കൂട്ടുകളും തൈലവുമായി ഞാന്‍ വീട് വിട്ടിറങ്ങി. സുഗന്ധദ്രവ്യങ്ങള്‍ തോട്ടത്തിലേക്കുള്ള വഴിയില്‍ പരിമളം പൂശുന്നുണ്ടായിരുന്നു. എന്നെ വീണ്ടെടുത്ത കരങ്ങളെ ജീവനറ്റതായി കാണണമല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും മിഴികള്‍ നിറഞ്ഞൊഴുകി. കണ്ണുകള്‍ തുടച്ചു തിടുക്കത്തില്‍ ഞാന്‍ ആ വഴി പിന്നിട്ടു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവന്റെ കല്ലറയിലേക്ക് ഞാന്‍ മിഴി പായിച്ചത്. പുലരിവെട്ടത്തില്‍ ഞാന്‍ കണ്ട കാഴ്ച എന്‍റെ ഭയം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. കുടീരത്തിന്റെ കല്ല്‌ ആരോ ഇളക്കി മാറ്റിയിരിക്കുന്നു. തിരക്കിട്ടിറങ്ങിയപ്പോള്‍ ഈ കല്ലിളക്കി മാറ്റാന്‍ ശിഷ്യന്മാരിലരെയെങ്കിലും സഹായത്തിനു വിളിക്കുന്ന കാര്യം മറന്നു പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ... വിറയ്ക്കുന്ന കാലുകളോടെ ആ ഗുഹാമുഖത്തേക്ക് അടുത്ത് ചെന്ന് ഞാന്‍ ഉള്ളിലേക്ക് എത്തി നോക്കി. “പിതാക്കന്മാരുടെ ദൈവമേ, എന്റെ ഗുരു....” അവന് എന്ത് സംഭവിച്ചു? കലങ്ങിയ ഹൃദയവുമായി ഞാന്‍ തിരികെ ഓടുകയായിരുന്നു. ഇസ്രായേലിന്റെ ദൈവമേ ശൂന്യമായ കല്ലറ അല്ല ഞാന്‍ തേടിയത്. ആരാണ് എന്റെ നാഥനെ കട്ടുകൊണ്ട് പോയത്? അലറിക്കരഞ്ഞുകൊണ്ടാണ് ഞാന്‍ വീട്ടിലെത്തി പത്രോസിനെ കാര്യം അറിയിച്ചത്. എന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ പത്രോസ് ഇറങ്ങി ഓടുകയായിരുന്നു. കൂടെ ശിഷ്യന്മാരില്‍ ചിലരും. അവരുടെ പുറകെ ഒരിക്കല്‍ക്കൂടി കല്ലറയിലേക്ക് ഓടുമ്പോഴും എന്നെ വിറക്കുന്നുണ്ടായിരുന്നു. ഗുഹക്കകത്തു കയറിയ പത്രോസ് വിറയ്ക്കുന്ന വാക്കുകളോടെ സാക്ഷ്യപ്പെടുത്തി. അവനെ ആരോ മോഷ്ടിച്ചിരിക്കുന്നു. അണപൊട്ടിയ സങ്കടത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ശിഷ്യന്മാര്‍ പോയിക്കഴിഞ്ഞും ഞാന്‍ അവിടെ തന്നെ നിന്ന് കരഞ്ഞു. വീട്ടിലെത്തി അമ്മയോട് എന്ത് പറയും എന്ന ചിന്ത എന്റെ സങ്കടത്തിന്റെ അളവ് കൂട്ടി. യുവത്വം തുളുമ്പി നിന്ന മകന്റെ ദാരുണ മരണം കണ്ടു നിന്ന അമ്മ അവന്റെ മൃതദേഹം കാണുന്നില്ല എന്നു കേള്‍ക്കുമ്പോള്‍ ഇനി എങ്ങനെ പ്രതികരിക്കും? ഈ ചിന്ത എന്നെ മഥിക്കാന്‍ തുടങ്ങി. അമ്മയുടെ സാന്നിധ്യം പകര്‍ന്ന ശാന്തത എന്നില്‍ നിന്ന് ചോര്‍ന്നു പോയിരുന്നു. ഇല്ല വീട്ടിലേക്കു മടങ്ങാന്‍ എനിക്കാവില്ല.
കുരിശിന്‍ചുവട്ടില്‍ നിന്നപോള്‍ ഉള്ളില്‍ മൊട്ടിട്ട പ്രതീക്ഷയുടെ നാമ്പുകള്‍ മുളയിലേ വാടിക്കരിഞ്ഞതുപോലെ. ശൂന്യമായ എന്റെ ഹൃദയം കണ്ണീര്ക്കടല്‍ തീര്‍ത്തപ്പോഴാണ് എന്തിനു കരയുന്നു എന്ന ചോദ്യം ഞാന്‍ കേട്ടത്. രണ്ടു അപരിചിതര്‍. ഗുരുവിനെ നഷ്ടമായ കഥ അവരോടും  ആവര്തിച്ചിട്ടു തിരിഞ്ഞപ്പോള്‍ മറ്റൊരുവന്‍ എന്റെ പുറകില്‍. തോട്ടക്കാരായിരിക്കണം, അല്ലാതെ ആരാണ് ഇത്ര പുലര്‍ച്ചെ ഇവിടെ തോട്ടത്തില്‍? വിനയത്തോടെ ഇവരുടെ കാല്‍ക്കല്‍ വീണു അപേക്ഷിക്കാം. എവിടെയാണെന്നെങ്കിലും ഒന്നു പറയട്ടെ. വിങ്ങുന്ന എന്റെ ഹൃദയത്തിന്റെ യാചനക്ക്‌ മൂന്നാമന്‍ മറുപടിയായി എന്നെ പേരു വിളിക്കുകയാണ്‌ ചെയ്തത്. ഗുരു വിളിച്ചിരുന്നത്പോലെ ഒരു മാധുര്യം, അതെ ആര്‍ദ്രത. ഇല്ല എന്റെ തോന്നലാവാം. സംശയിച്ചു നിന്ന എന്നെ ഒരിക്കല്‍ക്കൂടി അവന്‍ വിളിച്ചു “മറിയം”. തിരിച്ചറിവുകളുടെ വാതിലാണ് ആ വിളി തുറന്നു തന്നത്. ഗുരോ എന്നല്ലാതെ എനിക്ക് വിളി കേള്‍ക്കാന്‍ പറ്റുമായിരുന്നില്ല. പൊടുന്നനെ പൂര്‍വദൃശ്യങ്ങലെല്ലാം എന്റെ കണ്മുന്നില്‍ തെളിഞ്ഞുവന്നു. ദേവാലയത്തെക്കുറിച്ചുള്ള അവന്റെ പ്രവചനം, കുരിശിന്‍ ചുവട്ടില്‍വെച്ചു എനിക്ക് കൈ വന്ന ധൈര്യം, അമ്മയില്‍ നിന്ന് കുറച്ചു നേരത്തേക്കെങ്കിലും പകര്‍ന്നു കിട്ടിയ ശാന്തത. ഒരുക്കുകയായിരുന്നു എന്നെ അവന്‍. ഈ ഒരു കൂടിക്കാഴ്ചയ്ക്കായി. എന്നാല്‍ ഭയം എന്നെ അടിമുടി വിഴുങ്ങിയപ്പോള്‍ ഉള്ളില്‍ അവന്‍ തെളിച്ച തിരി കെട്ടുപോയത് എന്റെ ഉറപ്പില്ലായ്മ കൊണ്ട് മാത്രം. ജീവിക്കുന്നവനെ മരിച്ചവന്റെ കല്ലറയില്‍ തിരഞ്ഞത് എന്റെ പോരായ്മ. അവനാകട്ടെ ജീവന്റെ തോട്ടത്തില്‍ എന്നെയും കാത്തിരിക്കുകയായിരുന്നു, എന്നെ ബലപ്പെടുത്താന്‍. എന്റെ വിശ്വാസം വര്‍ധിപ്പിക്കാന്‍. കൈയില്‍ കരുതിയിരുന്ന സുഗന്ധക്കൂട്ടുകളെക്കാള്‍ പരിമളം അവന്റെ സാന്നിധ്യം എന്നില്‍ നിറച്ചുകൊണ്ടിരുന്നു. പുതിയ ദൌത്യവും  പേറി, പകല്‍ വെട്ടത്തില്‍ ഞാന്‍ ശിഷ്യന്മാരുടെ അടുക്കലേക്കു തിടുക്കത്തില്‍ തോട്ടത്തിന്റെ കാവ്ല്‍ക്കാരിയാവാന്‍.
എന്റെ കഥ പറഞ്ഞു തീര്‍ക്കുംമുന്പേ ഒരു വാക്ക് മാത്രം നിങ്ങളോട്. മരണം ഓരിയിടുന്ന ബന്ധനത്തിന്റെ ശവകുടീരങ്ങള്‍ക്കിടയില്‍ നിന്നെ ക്രിസ്തു കണ്ടെത്തിയത് നിരാശയുടെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അല്ല, ജീവന്റെ തോട്ടത്തിലേക്ക് നയിക്കാനാണ്; അറ്റുപോകാത്ത ജീവന്റെ തോട്ടത്തിലേക്ക്!!!
(Easter ദിനത്തില്‍ (1-4-2018) റേഡിയോ മരിയ ഇന്ത്യ സംപ്രേഷണം ചെയ്തത്; ശ്രീ. Deltus Thekealunkal ന് പ്രത്യേക നന്ദി )

വചനവിചാരങ്ങള്‍ 48

നീ നിന്നെത്തന്നെ ബന്ധിച്ചിട്ടിരിക്കുന്ന കല്ലറകളുടെ മുദ്രവെച്ചുറപ്പിച്ച പുറംകല്ലുകൾ, സ്വർഗ്ഗം ഉരുട്ടിമാറ്റുന്ന മൂന്നാംദിനങ്ങളിൽ, വിമോചനത്തിന്റെ പുതുജീവനിലേക്ക്‌ പുറത്തുകടക്കുവാൻ മനസ്സുവയ്ക്കുക. അപ്പോൾ അവന്റെ ഉയിർപ്പ്‌ നിന്നിൽ പൂർത്തിയാവും!
പുണ്യങ്ങൾ പൂവിട്ട്‌ വിടർന്നുനില്‌ക്കട്ടെ ഈ ഉയിർപ്പുതിരുനാളിലും തുടർന്നുള്ള ദിനങ്ങളിലും!!! ഉത്ഥിതൻ അനുഗ്രഹിക്കട്ടെ!!!
(Easter, 01-4-2018)

വചനവിചാരങ്ങള്‍ 47

നെഞ്ചു പിളരുന്ന നിലവിളികൾ ചെവികളിൽ കൊട്ടിയലച്ചിട്ടും സ്വർഗ്ഗത്തിനു  മൗനം. ജീവനറ്റെങ്കിലും ദൗത്യം ഒടുങ്ങാതെ പുത്രൻ പുനർജ്ജനി കാത്തുകിടന്നവർക്കിടയിൽ! ക്ഷമയോടെ നിശബ്ദതയുടെ താളത്തിൽ ദൗത്യം തുടരുക! പുണ്യം പൂവിടട്ടെ നമ്മിൽ ഈ വിശുദ്ധ നാളിൽ!!!
(ദുഃഖ ശനി, 31-3-2018)

വചനവിചാരങ്ങള്‍ 46

നെഞ്ചിനുള്ളിലിന്നു നീ നാരായം കൊണ്ടൊരു ശീർഷകം എഴുതുക: "നസറായൻ യേശു, എന്റെ രാജാവ്‌." എങ്കിലിനിമേൽ നിന്റെ നോവുകളുടെ കുരിശുമരമാവും അവന്റെ ഇരിപ്പിടം; ചങ്കുപൊട്ടുന്ന നിന്റെ നിലവിളികൾക്കോ, അവന്റെ സ്വരവും.‌ സ്വർഗ്ഗം ഉത്തരമരുളുന്ന മൂന്നാം ദിനത്തിനായി ജപമൊഴികളോടെ കാത്തിരിക്കാം. പുണ്യം പൂവിടട്ടെ നമ്മിൽ അവന്റെ ജീവയാഗത്തിന്റെ ഈ ഓർമ്മദിനത്തിൽ!!!
(ദുഃഖ വെള്ളി, 30-3-2018)

വചനവിചാരങ്ങള്‍ 45

പെസഹ, സ്നേഹം യാത്ര നിർത്തി നിന്റെ ഉള്ളിൽ കുടികൊള്ളാൻ മനസ്സായ ദിനം. സ്നേഹച്ചീളുകളായി നീയും മുറിക്കപ്പെടണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്ന ദിനം. നിന്റെ ചുംബനവും കാത്തു അഴുക്കുപുരണ്ട കുറെ പാദങ്ങൾ ഉണ്ടെന്നു തിരിച്ചറിയേണ്ട ദിനം. പുണ്യം പൂവിടട്ടെ നിന്നിൽ ഈ പെസഹാ തിരുനാളിൽ!!!
(പെസഹാ വ്യാഴം, 29-3-2018)

വചനവിചാരങ്ങള്‍ 44

ഉറ്റവരിൽ ഒരുവനിൽ നിന്നു ഒറ്റുകാരനിലേക്കുള്ള ചുവടുമാറ്റത്തിനു ഏതാനും നാണയത്തുട്ടുകളുടെ ദൂരം; ഒറ്റുകാരനിൽ നിന്നു വീണ്ടും ഉറ്റവനിലേക്കോ വെറുമൊരു ചുടുകണ്ണീർക്കണത്തിന്റെയും. മനം തപിക്കട്ടെ! കരുണ നിറയട്ടെ! പുണ്യം പൂവിടട്ടെ നമ്മിൽ ഈ വിശുദ്ധ രാവിൽ!!!
(വിശുദ്ധ വാരം,ബുധന്‍,28-3-2018)