Monday, January 28, 2019

വചനവിചാരങ്ങൾ 173


വചനം: നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
(മത്തായി 12, 37)

വിചാരം: നിന്റെ വാക്ക്‌ നന്മയാകട്ടെ! അത്‌ പണിതുയർത്തട്ടെ! നിന്റെ വാക്ക്‌ ആശ്വാസമരുളട്ടെ! അത്‌ സൗഖ്യമാകട്ടെ! നിന്റെ വാക്കിൽ അവൻ വീണ്ടും വീണ്ടും പിറവി കൊള്ളട്ടെ!

പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(28-01-2019)

Wednesday, January 23, 2019

വചനവിചാരങ്ങൾ 172

വചനം:
ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല. (ലൂക്കാ 14, 33)

വിചാരം:
സ്വന്തമായുള്ളവ മാത്രമല്ല ഉരിഞ്ഞുകളയേണ്ടത്‌. നീ പ്രതീക്ഷ വയ്ക്കുന്ന നിന്റെ ശക്തിയും കഴിവുകളുംവരെ അവനു മുന്നിൽ ഉരിഞ്ഞെറിഞ്ഞ്‌, അവനെ എടുത്തണിയുകയാണ്‌ വേണ്ടത്‌.

പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!

Tuesday, January 22, 2019

വചനവിചാരങ്ങൾ 171

വചനം:
അതിനാല്‍,  ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ (മത്താ. 10, 31)

വിചാരം:
ഇടയ്ക്കൊക്കെ കലങ്ങിപ്പോകുന്നത്‌, മനുഷ്യൻ നിനക്കിടുന്ന വിലയ്ക്ക്‌ അമിതപ്രാധാന്യം നൽകുന്നതുകൊണ്ടാണ്‌. കാരണം, നിന്റെ ശക്തി ക്ഷയിക്കുന്നതിനനുസരിച്ച്‌ ‌ അപരന്റെ തുലാസിൽ നിന്റെ വില ഇടിയും. ഉടയവനിടുന്ന വിലയാകട്ടെ എന്നും ഒന്നാണ്‌, അമൂല്യതയുടെ, പ്രിയങ്കരതയുടെ വില. അതിൽ മാത്രം മനസ്സർപ്പിക്കുക.
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
21-01-2019

Sunday, January 20, 2019

വചനവിചാരങ്ങൾ 170

വചനം:
അപ്പോൾ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു?
യേശു മറുപടി പറഞ്ഞു: പീലിപ്പോസ്‌‌ നിന്നെ വിളിക്കുന്നതിനുമുൻപ്‌, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോൾ, ഞാന്‍ നിന്നെക്കണ്ടു. (യോഹ. 1, 48)

വിചാരം:
ഉടയവന്റെ മുൻപിൽ വ്യർത്ഥമായിപ്പോകുന്ന ഒരു ചോദ്യമുണ്ട്‌, "നീ എന്നെ എങ്ങനെ അറിയുന്നു?"
അനുദിനജീവിതത്തിലെ എന്റെ ചെയ്തികൾ മാത്രമല്ല, അമ്മയുടെ ഉദരത്തിൽ ഉരുവാകും മുൻപേ എന്നെ മുഴുവനായും അറിഞ്ഞവനോടാണ്‌ എന്റെ പാഴ്ചോദ്യം. ഒന്നു മാത്രം മതി: എല്ലാം കാണുന്നവന്റെ, അറിയുന്നവന്റെ മുൻപിൽ മിഴികൾ പൂട്ടി ധ്യാനത്തിലാവുക.

പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!

(20-01-2019)

Saturday, January 19, 2019

വചനവിചാരങ്ങൾ 169

വചനം:
ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകം പേര്‍ അവനെ അനുഗമിച്ചു. (മത്തായി 12, 15)

വിചാരം:
ചില സന്ദർഭങ്ങളിൽ ഏറ്റുമുട്ടലുകളാണ്‌ വേണ്ടതെന്നു ശിഷ്യമനസ്സ്‌ കരുതുന്നുണ്ടാവാം; എന്നാൽ പിൻവാങ്ങലുകളാണ്‌ കരണീയമെന്ന് ഗുരുമാതൃക.
ഏറ്റുമുട്ടലുകളൊഴിവാക്കി പിൻവാങ്ങലുകളിലേക്ക്‌ ശിഷ്യൻ ചുവടുവയ്ക്കുമ്പോൾ, അവൻ തെളിക്കുന്ന വഴിയേ, ഗുരുവിനെ പിഞ്ചെല്ലാൻ അനേകരുണ്ടാവും.

പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
19-01-2019

Friday, January 18, 2019

വചനവിചാരങ്ങൾ 168

വചനം:
തന്റെ  ഭവനത്തിലുള്ളവര്‍ക്ക്‌ കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ ഭൃത്യൻ ആരാണ്‌?  (മത്തായി 24,45)

വിചാരം:
നിയോഗം ഭൃത്യന്റേതു മാത്രമാണ്‌. വിശ്വസ്തതയും വിവേകവും കൂട്ടിനുണ്ടാവണം. അന്നമൂട്ടുക എന്നതാണ്‌ മുഖ്യ ദൗത്യം: കരുണയും സ്നേഹവും മടികൂടാതെ വിളമ്പുന്ന അന്നദാനം.
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
18-01-2019

Thursday, January 17, 2019

വചനവിചാരങ്ങൾ 167

വചനം:
മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോൾ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. (ലൂക്കാ 6,22)
വിചാരം:
അവഹേളനങ്ങളോടും തിരസ്കരണങ്ങളോടും മാനുഷിക പ്രതികരണങ്ങളല്ല ഗുരു പ്രതീക്ഷിക്കുന്നത്‌. മറിച്ച്‌, ഉള്ളിൽ ഉയരേണ്ടത്‌ ആഴമേറിയ ആനന്ദമാണ്‌. അതിനു നീ വളരേണ്ടിയിരിക്കുന്നു, ലോകത്തിന്റെ ഭാവങ്ങളിലേക്കല്ല, ഗുരുവിന്റെ ഭാവങ്ങളിലേക്ക്‌.
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(17-01-2019)

Wednesday, January 16, 2019

വചനവിചാരങ്ങൾ 166

വചനം:
... പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. (യോഹ. 21, 17)

വിചാരം:
മൂന്നാം വട്ടത്തെ ഉത്തരം ഹൃദയത്തിൽ നിന്നുതന്നെ‌‌. "നീ എല്ലാം അറിയുന്നു" എന്ന ഏറ്റുപറച്ചിലിൽ ഹൃദയത്തിന്റെ ആർദ്രതയും മിഴികളുടെ നനവും കൂട്ടിനുണ്ട്‌. ഇടയ്ക്കിടെ ഇടറുന്നവന്‌ അതാദ്യം ഏറ്റുപറയാതെ "സ്നേഹിക്കുന്നു" എന്നെങ്ങനെ പറയാനാവും? ഇടറിയ വഴികളൊക്കെ അവനു സമർപ്പിക്കുക; ഏറ്റം വിനീതനാവുക! നിനക്ക്‌ അവന്റെ കൃപ മാത്രം മതി!

പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
16-01-2019

Monday, January 14, 2019

വചനവിചാരങ്ങൾ 165

വചനം:
മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.
(ലൂക്കാ 2, 19)

വിചാരം:
തത്ക്ഷണ പ്രതികരണങ്ങളല്ല ശിഷ്യ ഭാവം; മറിച്ച്‌, സംഗ്രഹണവും ആഴത്തിലുള്ള ധ്യാനവുമാണ്‌. സുഖമാകട്ടെ, ദു:ഖമാകട്ടെ,  പ്രതികരണമല്ല, ഗാഢമായ ധ്യാനം മാത്രമാണ്‌ അവനിലേക്ക്‌ നിന്നെ വളർത്തുക! അമ്മ തുണയാകട്ടെ!
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(15-01-2019)

Sunday, January 13, 2019

വചനവിചാരങ്ങൾ 164

വചനം:
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. (മത്തായി 7, 1-2)

വിചാരം:
നിന്റെ ന്യായവിധിയുടെ ഗ്രന്ഥത്തിൽ നിന്ന് എന്റെ പേര്‌ നീക്കിക്കളയണമേ എന്നു എന്റെ അധരങ്ങൾ ജപിക്കുമ്പോഴും ഹൃദയമാകട്ടെ ചുറ്റുമുള്ളവരെ പഴി ചാരിക്കൊണ്ടേയിരിക്കുന്നു. വിധിവാചകങ്ങളിൽ നിന്ന് എന്റെ ഹൃദയത്തേയും അധരങ്ങളേയും അകറ്റി നിർത്താൻ ബലമേകണമേ!

പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(14/01/2019)

Saturday, January 12, 2019

വചനവിചാരങ്ങൾ 163

വചനം:
അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ  മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു.
(മത്തായി 4,16)

വിചാരം:
ഇരുളും മൃതിയും ഭയപ്പാടുകളുടെ നിഴൽ വിരിച്ചിടത്താണ്‌ അവൻ ജീവന്റെ വെട്ടമായി ഉദയം ചെയ്തിരിക്കുന്നത്‌. ജീവന്റെ പുതിയ താഴ്‌വരയിൽ ഇനിയും ഇരുട്ടിന്റെ പുതപ്പ്‌ പുതച്ചുറങ്ങാതെ, വെളിച്ചത്തിലേക്ക്‌ നോക്കി നടക്കാൻ തയ്യാറാവുക.

പുണ്യം പൂവിടട്ടെ, സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!