Tuesday, July 24, 2018

വചനവിചാരങ്ങൾ 162

വചനം:
സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.
(മത്തായി 12, 50)

വിചാരം:
എന്റെ ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച്‌, നിന്റെ പിതാവിന്റെ ഹിതം അനുവർത്തിക്കാൻ തുടങ്ങുമ്പോഴേ, നീ എന്റെ ഉള്ളിൽ പിറവികൊള്ളും. പക്ഷേ, ഈറ്റുനോവിനേക്കാൾ നൊമ്പരമാണ്‌ എന്റെ ഇഷ്ടങ്ങളോട്‌ "അരുത്‌" എന്നുപറയാൻ... ഹൃദയം നീ ഉരുവാകുന്ന ഗർഭാശയമായി മാറാൻ എന്നെ ഞാനിനിയും അഴിച്ചുപണിയേണ്ടിയിരിക്കുന്നു.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(24-7-2018)

Monday, July 23, 2018

വചനവിചാരങ്ങൾ 161


വചനം:
എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍,  ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
(യോഹ. 15, 2)

വിചാരം:
ഫലമില്ലാ പാഴ്ത്തടിയായ എന്നെ നീക്കം ചെയ്യുവാൻ നീളുന്ന കത്തികളെ തള്ളിയകറ്റി, വെട്ടിയൊരുക്കങ്ങൾക്കു മാത്രം നിന്റെ കരുണ എന്നെ സജ്ജമാക്കുന്നു. നന്ദി, ശോഷിച്ചുപോകുമായിരുന്ന ഈ കമ്പിൽ ഇനിയും പ്രതീക്ഷയർപ്പിച്ചതിന്‌... ഇനിയെങ്കിലും തളിർത്ത്‌ ഫലമേകുവാൻ ഈ വെട്ടിയൊരുക്കൽ എനിക്ക്‌ തുണയാകട്ടെ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(23-7-2018)

വചനവിചാരങ്ങൾ 160

വചനം:
അപ്പസ്‌തോലന്‍മാര്‍ യേശുവിന്റെ അടുത്ത്‌ ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്‌തതും പഠിപ്പിച്ചതും അറിയിച്ചു. (മര്‍ക്കോ. 6, 30)

വിചാരം:
ദൗത്യം തുടങ്ങുന്നത്‌ നിന്നിൽ നിന്ന്; ദൗത്യയാത്രയ്ക്കൊടുവിൽ അണയേണ്ടതും നിന്റെ പക്കൽ. ദിനാന്ത്യത്തിൽ നിന്റെ പക്കൽ എത്തുമ്പോൾ എനിക്ക്‌ വിവരിക്കാൻ, വിജയങ്ങളേക്കാളേറെ ഇടർച്ചകളേ കാണൂ. എങ്കിലും, നീ ചാർത്തിതരുന്ന വാഴ്‌വിന്റെ മുദ്ര മതി, ക്ഷീണമകന്ന് വീണ്ടും ദൗത്യവഴിയിലിറങ്ങാൻ!
 
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(22-7-2018)

Saturday, July 21, 2018

വചനവിചാരങ്ങൾ 159

വചനം:
അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി.
(മത്തായി 12, 15)

വിചാരം:
വല്ലപ്പോഴും ഒരു അതിഥി മാത്രമായി നിന്നെ സന്ദർശിക്കുമ്പോളല്ല, അവിരാമം നിന്നെ അനുഗമിക്കുമ്പോൾ മാത്രമേ, നീ ചൊരിയുന്ന സൗഖ്യത്തിന്‌ ഞാൻ അർഹനാവുകയുള്ളൂ. അതിഥിയിൽ നിന്നു അനുഗാമിയിലേക്കുള്ള ദൂരം ഏറെയാണെന്നു അസ്വസ്ഥതകളിൽത്തന്നെ തുടരുന്ന ഞാൻ തിരിച്ചറിയുന്നു.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(21-7-2018)

വചനവിചാരങ്ങൾ 158

വചനം:
ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല
(മത്തായി 12, 7)

വിചാരം:
ഓരോ ബലിയർപ്പണത്തിനുശേഷവും തെല്ലും ജാള്യതയില്ലാതെ സ്നേഹരാഹിത്യത്തിലേക്കും പഴിചാരലുകളിലേക്കുംതന്നെ മടങ്ങുന്ന എന്നോട്‌ നീ മടുപ്പുകൂടാതെ ഈ വാക്കുകൾതന്നെ ആവർത്തിക്കുന്നു. നിന്നെപ്പോലെ കരുണയാകുമ്പോൾമാത്രമാണ്‌ ഞാൻ ബലിയായി മാറുക എന്നെനിക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(20-7-2018)

വചനവിചാരങ്ങൾ 157

വചനം:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.
(മത്തായി 11, 28)

വിചാരം:
പലയിടങ്ങളിലും വൃഥാ
കറങ്ങിത്തിരിഞ്ഞ്‌ സായന്തനമാകുമ്പോഴേക്കും ഞാൻ നിന്നിലേക്കെത്തുമ്പോൾ, പരിഭവമെന്യേ ആശ്വാസമായി നീ എന്നിലേക്ക്‌ ഒഴുകുന്നു. സമാശ്വാസത്തിന്റെ തെളിനീരുറവയായ നിന്നെ വിട്ടുപോകാൻ ഇനിയും എനിക്കിടയാകാതിരിക്കട്ടെ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!

(19-7-2018)

വചനവിചാരങ്ങൾ 156

വചനം:
യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
(മത്തായി 11, 25)

വിചാരം:
ചെറുതാവുമ്പോൾ മാത്രമാണ്‌ നിഷ്കളങ്കതയിലേക്ക്‌ മനസ്സിനെ തുറന്നുവയ്ക്കാനാവുക. വെളിപാടുകളുടെ വിളനിലമായി അപ്പോൾ അവനതിനെ മാറ്റിയെടുക്കും. ചെറുതാവുമ്പോൾ മാത്രമാണ്‌ വലുതാവുക എന്നത്‌ ഞാൻ ഇനിയും പഠിച്ചിട്ടില്ലല്ലോ.

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(18-7-2018)

Wednesday, July 18, 2018

വചനവിചാരങ്ങൾ 155

വചനം:
കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്‌ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! (മത്തായി 11, 21)

വിചാരം:
ഒരു പേമാരി കണക്കെ നിന്നിലും നിന്റെ ചുറ്റിലും കൃപ പെയ്തിറങ്ങിയിട്ടും, നീ എന്തേ ഇപ്പോഴും അവനു മുഖം തിരിഞ്ഞുനിൽക്കുന്നു? ദുരിതങ്ങളൊന്നൊന്നായി ആഞ്ഞടിക്കുംമുൻപേ, പിന്തിരിയുക; അനുതാപത്തിന്റെ ചാരം ശിരസ്സിൽ വിതറിയിട്ട്‌, കൃപയുടെ മഴയിൽ കുളിച്ചുകയറാൻ ഒരുങ്ങുക!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(17-7-2018)

Tuesday, July 17, 2018

വചനവിചാരങ്ങൾ 154

വചനം:
എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. (മത്തായി 10, 37)

വിചാരം:
മറ്റാരെയുംകാൾ അധികമായി നിന്നെ സ്നേഹിക്കുന്നുവെന്നു അധരംകൊണ്ട്‌ ഞാൻ പലതവണ ഏറ്റുപറയുന്നെങ്കിലും, ജീവിതംകൊണ്ടതു തെളിയിക്കാൻ ഇനിയും എനിക്ക്‌ കഴിയുന്നില്ലല്ലോ. ഇനിയുമെത്ര പ്രയത്നിച്ചാലാണ്‌ വാക്കും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുക; ഞാൻ നിനക്ക്‌ യോഗ്യനാവുക!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(16-7-2018)

Monday, July 16, 2018

വചനവിചാരങ്ങൾ 153

വചനം:
അവന്‍ കല്‍പിച്ചു: യാത്രയ്‌ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്‌. ചെരിപ്പു ധരിക്കാം, രണ്ട്‌ ഉടുപ്പുകള്‍ ധരിക്കരുത്‌. (മര്‍ക്കോസ്‌ 6, 8-9)
വിചാരം:
വിലക്കപ്പെട്ടവ ഓരോന്നായി സ്ഥാനം പിടിച്ചപ്പോൾ ഭാണ്ഡത്തിന്റെ ഭാരം കൂടി വന്നു. കീറിത്തുടങ്ങിയ ഭാണ്ഡം വൃഥാ തുന്നിച്ചേർക്കുന്നതിൽ മാത്രമായി ഒടുവിൽ എന്റെ ശ്രദ്ധ. നിയോഗം മറന്ന ഞാൻ വഴിയരികിൽ തളർന്നിരിപ്പുണ്ട്‌, ഒരു രണ്ടാം വിളിക്ക്‌ കാതോർത്ത്‌...
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(15-7-2018)

Saturday, July 14, 2018

വചനവിചാരങ്ങൾ 152

വചനം:
അതിനാൽ ഭയപ്പെടേണ്ട. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.
(മത്തായി 10,31)
വിചാരം:
വിലയില്ലാത്തവനെന്നു നിന്നോട്‌ ചേർന്നുനിൽക്കുന്നവരും നീ തന്നെയും നിന്നെക്കുറിച്ചു എഴുതുന്ന വ്യാജ വിധിത്തീർപ്പുകൾ മായിച്ചു കളയുന്നുണ്ട്‌ നിന്റെ മുടിയിഴകൾപോലും എണ്ണിത്തിട്ടപ്പെടുത്തിയ ഒരുവൻ! അവന്റെ വാക്കുകൾക്കുമാത്രം കാതോർക്കാനായാൽ, ഭയരഹിത ജീവിതം നിനക്കു സ്വന്തം!!!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(14-7-2018)

Friday, July 13, 2018

വചനവിചാരങ്ങൾ 151

വചനം:
നിങ്ങള്‍ സർപ്പങ്ങളെപ്പോലെ വിവേകികളും  പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. (മത്തായി 10, 16)

വിചാരം:
വിവേകത്തിന്റെ വിളക്കുവെട്ടം അണയുമ്പോഴെല്ലാം കളങ്കങ്ങളുടെ ഇരുൾ എന്നെ പൊതിയുന്നു. ഈ മൺവിളക്കിൽ നീ നിന്റെ എണ്ണ പകരണമേ! അപ്പോൾ വിവേകം എന്നും എന്നിൽ തെളിഞ്ഞുനിൽക്കും, നിഷ്കളങ്കത നിരന്തരം എന്നെ പൊതിഞ്ഞു നിൽക്കും.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(13-7-2018)

Thursday, July 12, 2018

വചനവിചാരങ്ങൾ 150

വചനം:
നിങ്ങള്‍ ആ ഭവനത്തില്‍  പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ.
(മത്തായി 10, 12-13)

വിചാരം:
നിന്റെ സാന്നിദ്ധ്യമാണ്‌ എനിക്ക്‌ സമാധാനമേകുന്നത്‌. നീ മാത്രമാണ്‌ എന്റെ സമാധാനം. നിന്റെ നിറസാന്നിദ്ധ്യത്തിനു അർഹമാകാൻ ഹൃദയകൂടാരത്തെ ഞാൻ ഇനിയുമെത്ര വൃത്തിയാക്കണം!!!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(12-7-2018)

Wednesday, July 11, 2018

വചനവിചാരങ്ങൾ 149

വചനം:
പത്രോസ്‌ പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്‌ഷിച്ച്‌ നിന്നെ അനുഗമിച്ചിരിക്കുന്നു. (മത്തായി 19, 27)

വിചാരം:
അനുധാവനം ആരംഭിക്കുന്നത്‌ ഉപേക്ഷയിലാണ്‌. ഉപേക്ഷ അപൂർണ്ണമാകുമ്പോൾ അനുധാവനം വികലമാകും. ഉപേക്ഷ പൂർണ്ണമാകുമ്പോളാകട്ടെ, അവന്റെ സ്നേഹത്തിനു മുന്നിൽ മറ്റൊന്നിനും വിലയില്ലാതായി മാറുന്നു.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(11-07-2018; St Benedict)

Tuesday, July 10, 2018

വചനവിചാരങ്ങൾ 148

വചനം:
ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന്‌ അവരുടെമേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു.
(മത്തായി 9, 36)

വിചാരം:
നീ കൂടെയില്ലെങ്കിൽ എനിക്ക് പരിഭ്രാന്തിയുടെ, നിസ്സഹായതയുടെ, ക്ലേശത്തിന്റെ ദിനങ്ങൾ മാത്രമാണ്‌‌. വരണമേ, അലിവ്‌ തോന്നണമേ‌; കഷ്ടതയുടെ മുൾപ്പടർപ്പുകളിൽ നിന്ന്, നിന്റെ വക്ഷസ്സിന്റെ ശീതളിമയിലേക്ക്‌ കരംപിടിച്ചു കരേറ്റണമേ!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!

(10-7-2018)

വചനവിചാരങ്ങൾ 147

വചനം:
യേശുവും ശിഷ്യന്മാരും അവനോടൊപ്പം പോയി. (മത്തായി 9, 19)

വിചാരം:
തകർന്നടിയുന്ന നിമിഷങ്ങളിൽ, തളർന്നിരിക്കുമ്പോഴും, 'അവനെക്കൊണ്ട്‌ അത്‌ സാധ്യമാകും' എന്നൊരു ഉറപ്പിന്റെ വെട്ടം ഉള്ളിൽ കെടാതിരുന്നാൽ, അവൻ വരും, നിന്റെ ക്ഷണം സ്വീകരിച്ച്‌ നിന്നോടൊപ്പം നിന്റെ ജീവിത യാഥാർഥ്യത്തിന്റെ പരുക്കൻ പ്രതലങ്ങളിലേക്ക്‌...
അവനും കൂട്ടരും നിന്നെ അനുഗമിക്കാൻ വിശ്വാസത്തിന്റെ തിരിവെട്ടം ഒരിക്കലും അണയാതെ കാക്കുക!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!

(09-7-2018)

Sunday, July 8, 2018

വചനവിചാരങ്ങൾ 146

വചനം:
യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും  പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.
(മര്‍ക്കോസ്‌ 6, 4)

വിചാരം:
ഏറ്റം പ്രിയപ്പെട്ടവരെന്നു കരുതുന്നവരിൽ നിന്നുള്ള തിരസ്‌കരണം എന്നെ തളർത്തിക്കളയുന്നു.  അവമാനങ്ങൾക്കും നിരാകരണങ്ങൾക്കുമിടയിൽ ഉഴലുന്ന എന്നോട് നീ പറയുന്നത്‌ ‌അന്യരുടെ ഹൃദയകാഠിന്യത്തിൽ തളർന്നുപോകാതെ, നിന്നിലേക്കുമാത്രം ദൃഷ്ടി ഊന്നി നിയോഗം പൂർത്തിയാക്കാനാണ്‌. കൃപ തരേണമേ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(08-7-2018)

Saturday, July 7, 2018

വചനവിചാരങ്ങൾ 145

വചനം:
പുതിയ വീഞ്ഞ്‌ പുതിയ തോല്‍ക്കുടങ്ങളിലാണ്‌ ഒഴിച്ചുവയ്‌ക്കുക. അപ്പോൾ രണ്ടും ഭദ്രമായിരിക്കും. (മത്തായി 9, 17)

വിചാരം:
പഴയ ശൈലികളിൽ തുടരുന്ന എന്നിൽ നീ  ഞെരുക്കപ്പെടുന്നു എന്നു മാത്രമല്ല,
ഹൃദയത്തിന്റെ വിള്ളലുകളിലൂടെ നിന്നെ എനിക്കെപ്പോഴോ നഷ്ടവുമാകുന്നു. നീ എന്നിൽ ഭദ്രമാവാൻ നിരന്തരമായ പുതുക്കത്തിന്‌ ഞാൻ വിധേയപ്പെടേണ്ടതുണ്ട്‌. നീയാകുന്ന പുതുവീഞ്ഞ്‌ നിറഞ്ഞുതുളുമ്പുന്ന ഒരു പുതുതോൽക്കുടമാവട്ടെ ഇനിയെങ്കിലും എന്റെ ഹൃദയം!!!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(07-7-2018)

Friday, July 6, 2018

വചനവിചാരങ്ങൾ 144

വചനം:
അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യം. (മത്തായി 9, 12)

വിചാരം:
കുറവുകളുണ്ടെന്ന് അംഗീകരിച്ച്‌ നിന്റെ കാൽക്കൽ വീഴുന്നവനെ നോക്കി പരിഹസിക്കുന്ന ഞാനാകട്ടെ ഉണങ്ങാത്ത വ്രണങ്ങളാൽ നിറഞ്ഞിരിക്കുന്നു. പൂർണ്ണനാണെന്നു വരുത്തിത്തീർക്കാൻ കുറേ കവചങ്ങളണിയുന്നതിനാൽ എന്നെ സുഖപ്പെടുത്താൻ നിനക്കുപോലും കഴിയാതെ പോകുന്നു. കുറവുകളുടെ കൂന മാത്രമെന്ന തിരിച്ചറിവിലേക്ക്‌ തിരികെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(06-7-2018)

Thursday, July 5, 2018

വചനവിചാരങ്ങൾ 143

വചനം:
അവന്‍ തളര്‍വാതരോഗിയോട്‌ അരുളിച്ചെയ്‌തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ  പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.(മത്തായി 9, 2)

വിചാരം:
തളർന്ന മനസ്സുമായി ഓരോ തവണ മുടന്തിയെത്തുമ്പോഴും, കാരുണ്യക്കൂടിന്റെ മറവിൽ നീ എനിക്ക്‌ അഭയമേകുന്നു. ഒഴുകിയിറങ്ങുന്ന മിഴിനീരിനൊപ്പം ആത്മാവിനെ വിവസ്ത്രമാക്കുന്നതിനൊടുവിൽ മരക്കൂട്ടിനുള്ളിൽനിന്നു നിന്റെ മൃദുമന്ത്രണം: ധൈര്യമായിരിക്കുക; നിന്നോട്‌ ഞാൻ പൊറുക്കുന്നു. തളർച്ചയകന്നു ജീവനിലേക്ക്‌ മടങ്ങാൻ ഈ മന്ത്രങ്ങളെനിക്കു ധാരാളം!
കാരുണ്യമേ, നന്ദി...മടുപ്പില്ലാതെ എനിക്കായി മരക്കൂടുകൾ ഒരുക്കുന്നതിന്!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(05-7-2018)

Wednesday, July 4, 2018

വചനവിചാരങ്ങൾ 142

വചനം:
അവര്‍ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന്‌ അപേക്‌ഷിച്ചു. (മത്താ.8,34)
വിചാരം:
ഒരു വാക്കുപോലും സൂചിപ്പിക്കാതെ, നിന്റെ അഭിപ്രായത്തിനും അനുവാദത്തിനും കാതോർക്കാതെ, എത്ര തവണയാണ്‌ നിന്നെ ഞാൻ നിഷ്കരുണം പുറത്താക്കിയിട്ടുള്ളത്‌. തകർന്ന ഹൃദയത്തോടെ പടിയിറങ്ങുമ്പോളും ചെറു പ്രതീക്ഷയോടെ നീ എന്നെ തിരിഞ്ഞു നോക്കിയിരുന്നു. ഞാനാകട്ടെ, നിനക്കന്യമായ ചിന്തകളിലും കാര്യങ്ങളിലും മുഴുകിയിരുന്നതിനാൽ നിന്റെയാ നോട്ടം ഗൗനിച്ചുപോലുമില്ല. സ്നേഹമേ, മാപ്പ്!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(04-7-2018)

Tuesday, July 3, 2018

വചനവിചാരങ്ങൾ 141

വചനം:
എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. (യോഹന്നാന്‍ 20, 25)

വിചാരം:
തോമസ്‌, നീ അവിശ്വാസി ആയിരുന്നെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഗുരുവിനോടൊപ്പം മരിക്കാൻപോലും തയ്യാറായിരുന്ന നീ ഒരിക്കലും ഭീരുവുമല്ലായിരുന്നു. ഉത്ഥിതനെ കാണാനാവാതെ വന്നപ്പോൾ നീ പിടിച്ച ശാഠ്യത്തിന്റെ വാക്കുകൾ മാത്രമാണിവ. കുഞ്ഞിന്റെ നിഷ്കളങ്കതയോടെ സ്നേഹമൊഴുക്കിയാൽ എനിക്കുമുന്നിലും അവൻ തോറ്റുതരുമെന്നു നീ എനിക്ക്‌ കാട്ടിതരുന്നു‌!

പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!
(03-7-2018)

Monday, July 2, 2018

വചനവിചാരങ്ങൾ 140

വചനം:
യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ. (മത്തായി 8, 22)

വിചാരം:
അണഞ്ഞുപോകാത്ത ജീവന്റെ നാളം നിന്നിൽ കൊളുത്തിയിട്ടു, അതിനുടയവൻ അവന്റെ പിന്നാലെ സഞ്ചരിക്കുവാൻ നിന്നെ ക്ഷണിക്കുന്നു; നിനക്കായി വഴിതെളിക്കുന്നു. ഈ വഴിത്താരയിൽനിന്നു പിന്തിരിയാൻ നിന്നെ പ്രേരിപ്പിക്കുന്നതെന്തും മൃത്യുവിന്റെ ഓരിയിടലുകൾ മാത്രമാണ്‌.
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!

(02-7-2018)

Sunday, July 1, 2018

വചനവിചാരങ്ങൾ 139

വചനം:
യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. (മര്‍ക്കോസ്‌ 5, 36)
വിചാരം:
തകർച്ചകൾക്ക്‌ അടിയറവ്‌ പറയാൻ ഞാൻ ഒരുങ്ങുമ്പോഴാണ്‌ ഒരു പുഞ്ചിരിയോടെ ഈ വാക്കുകൾ നീ എന്റെ കാതിൽ മന്ത്രിക്കുന്നത്‌. അവിശ്വാസത്തോടെ തന്നെ ഞാൻ അപ്പോഴും നിന്റെ മുഖത്തേക്ക്‌ നോക്കുന്നു. എല്ലാം ഒടുങ്ങിയെന്ന ചിന്തകൾക്കിടയിലും ഈ വാക്കുകൾക്കൊപ്പം നിന്റെ കണ്ണിലെ തിളക്കം എന്നിലേക്ക്‌ ഒരു വെട്ടമായി വന്നു വീഴുന്നു. ഈ വെട്ടം മാത്രം മതി എന്റെ ഉയിർത്തെഴുന്നേൽപ്പിന്‌!!!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(01-7-2018)